രമിത്ത് വധം: രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: പിണറായി പെട്രോള്‍ പമ്പിനു സമീപം ആര്.എസ്.എസ് പ്രവര്ത്തകന് രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റുചെയ്തു.
പിണറായിയിലെ ചുമട്ടുതൊഴിലാളിയും സി.ഐ.ടി.യു പ്രവര്‍ത്തകനുമായ പിണറായി പുതിയപുരയില്‍ പി.കെ അഹദ് (25), ഡി.വൈ.എഫ്.ഐ എരുവട്ടി വില്ലേജ് ജോയിന്റ് സെക്രട്ടറി വെണ്ടുട്ടായി കണ്ണോത്തുപൊയില് വീട്ടില്‍ നിജോയ് (30) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ സി.ഐ കെ.വി വേണുഗോപാലും സംഘവും പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അന്വേഷണസംഘം ഇരുവരെയും പിടികൂടിയത്. കേസില്‍ അഹദ് രണ്ടാംപ്രതിയും നിജോയ് മൂന്നാം പ്രതിയുമാണ്. കൊലപാതക കുറ്റമായ ഐ.പി.സി 302ന് പുറമെ ഗൂഢാലോചനാ കുറ്റമായ 120 ബി വകുപ്പും ഇരുവര്‍ക്കുമെതിരേ ചുമത്തി. ഇരുവരും ആറംഗ അക്രമിസംഘത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നു പൊലിസ് അറിയിച്ചു.
കഴിഞ്ഞ 12നു രാവിലെ പിണറായി പെട്രോള്‍പമ്പിനു സമീപം വച്ചാണു റോഡരികില്‍ രമിത്ത് വെട്ടേറ്റു മരിച്ചത്. പത്തിനു സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം പാതിരിയാട് വാളാങ്കിച്ചാലിലെ കുഴിച്ചാലില്‍ മോഹനന്റെ കൊലയ്ക്കു തുടര്ച്ചായായാണു രമിത്ത് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."