സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി : മിനിസൂപ്പര്‍ സ്പെഷാലിറ്റി സൗകര്യങ്ങളുമായി പുതിയ കെട്ടിടം
സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. 17 കോടി രൂപ ചെലവഴിച്ച് ബത്തേരി ഫെയര്‍ലാന്‍ഡ് കോളനിയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ബ്ലോക്കിനു സമീപത്തായി നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവൃത്തികളാണു പൂര്‍ത്തിയാകുന്നത്.
കെട്ടിടത്തില്‍ വൈദ്യുതി, വെള്ളം എന്നിവ കൂടി ഒരുക്കിയാല്‍ പ്രവര്‍ത്തനം ആരംഭിക്കാനാകും. മിനിസൂപ്പര്‍ സ്പെഷാലിറ്റി സൗകര്യത്തോടുകൂടിയാകും ആശുപത്രി പുതിയ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുക. പബ്ലിക് ഹെല്‍ത്ത് ലാബ്, മോര്‍ച്ചറി, ബ്ലഡ്ബാങ്ക്, കൂടുതല്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം എന്നിവയും നിര്‍മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന അഞ്ചുനിലകളുള്ള കെട്ടിടത്തിലുണ്ടാകും.
പുതിയ ബ്ലോക്ക് തുറന്നു പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഇവിടേക്ക് ആവശ്യമായ ഡോക്ടര്‍മാര്‍ അടക്കമുള്ള സ്റ്റാഫുകളെ കൂടി നിയമിച്ചാല്‍ ബത്തേരി താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകുകയും താലൂക്കിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകുകയും ചെയ്യുമെന്നാണു പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."