ബാറുകളിലെ ബിയര്‍ പാര്‍സല്‍ കച്ചവടം തടയരുതെന്ന് ഹൈക്കോടതി
കൊച്ചി: ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളില്‍ നിന്ന് ബിയര്‍ വാങ്ങി പുറത്തു കൊണ്ടുപോയി കഴിക്കുന്നതിന് നിരോധനമില്ലെന്നും ബിയര്‍ - വൈന്‍ ലൈസന്‍സുള്ള ഹോട്ടലുകള്‍ ഇതിനായി ബിയര്‍ വില്ക്കുന്നതു തടയരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.ഹോട്ടലിനു പുറത്തു കൊണ്ടു പോയി കഴിക്കാന്‍ മൂന്നു ബോട്ടില്‍ ബിയര്‍ വിറ്റതു ചൂണ്ടിക്കാട്ടി എക്സൈസ് അധികൃതര്‍ കേസെടുത്തതിനെതിരേ എലഗന്‍സ് ഹോട്ടല്‍ അധികൃതര്‍ നല്കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ബാറില്‍ നിന്ന് മദ്യം വാങ്ങി പുറത്തു കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്ന് ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ക്ക് ഇത്തരമൊരു വ്യവസ്ഥ പറഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ബിയര്‍ പാര്‍ലറുകളില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തല്ലാതെ ബിയര്‍ കഴിക്കാന്‍ അനുവദിക്കരുതെന്ന് ലൈസന്‍സില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ പണമടച്ചു പ്രത്യേക അനുമതി നേടിയാല്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളിനു സമീപവും പുല്‍ത്തകിടിയിലും റൂഫ് ഗാര്‍ഡനിലും ബിയര്‍ വിളമ്പാമെന്നും പറയുന്നുണ്ട്. ബിയര്‍ വിളമ്പുന്ന സ്ഥലത്തിന്റെ കാര്യത്തിലാണ് നിയന്ത്രണമുള്ളതെന്നും ബിയര്‍ വില്‍ക്കുന്നതിന് ഈ വ്യവസ്ഥ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."