പിണറായിയുടേത് ഹൃദയമില്ലാത്ത പ്രസ്താവന: കെ.കെ രമ
വടകര:ക്രൗര്യംകൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും, തിരുത്താന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഹൃദയമില്ലാത്ത മനസില്‍നിന്നും വന്നതാണെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. ഫേസ്ബുക്ക് പേജിലാണ് രമയുടെ പ്രതികരണം.
അഭിപ്രായവ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാനാവില്ലെന്നും എതിര്‍ക്കുന്നവര്‍ സത്യം മനസിലാക്കി നാളെ നമ്മുടെ കൂടെ വരേണ്ടവരാണെന്ന ചിന്ത മനസിലുണ്ടാകണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകളെ ടി.പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലയെ ചൂണ്ടിക്കാട്ടിയാണ് രമ എതിര്‍ക്കുന്നത്.
ലവലേശം ആത്മനിന്ദ തോന്നാതെ പിണറായിക്ക് എങ്ങനെ ഈ വാക്കുകള്‍ പറയാന്‍ കഴിഞ്ഞു എന്ന് രമ ചോദിക്കുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ ഇപ്പോള്‍ പറയുന്ന വാക്കുകളിലെ കാപട്യത്തെ താന്‍ മാത്രമല്ല സമൂഹവും തിരിച്ചറിയുന്നുണ്ട്.
താങ്കളുടെ ഈ വാക്കുകള്‍ കുറച്ചുകൂടി കൃത്യമായി 'കൊല്ലാം പക്ഷേ തോല്പിക്കാനാവില്ല' എന്ന് നാലര വര്‍ഷം മുന്‍പ് വെട്ടേറ്റു പിളര്‍ന്ന ടി പിയുടെ ജീവനറ്റ ശരീരത്തിനു മുന്നില്‍ ഹൃദയംപൊട്ടി ഞാന്‍ പറഞ്ഞിട്ടുണ്ട് പക്ഷേ അന്ന് 'കുലംകുത്തി എന്നാണ് ക്രൂരമായി താങ്കള്‍ പ്രതിവചിച്ചതെന്നും രമ പോസ്റ്റില്‍ പറയുന്നു. തെരുവുകളില്‍ കൊലചെയ്യപ്പെട്ട നിരപരാധികളായ മനുഷ്യരെചൊല്ലി അര്‍ത്ഥശൂന്യമായ വാക്കുകളല്ല ആത്മാര്‍ഥമായ ഏറ്റുപറച്ചിലാണ് താങ്കളില്‍നിന്നും പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം, ടി.പി കേസിലെ കൊലയാളി സംഘത്തെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഭരണ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് രമ പറഞ്ഞു. പുതിയ ഭരണകൂടം ഇവര്‍ക്കുവേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണെന്നും രമ കുറ്റപ്പെടുത്തി.
ഇരട്ടചങ്കുണ്ടെന്നു പറയുന്ന മുഖ്യമന്ത്രി കൊടും ക്രിമിനലുകളെ ഭയക്കുന്നതിന്റെ കാരണമെന്തെന്ന് ഭരണനേതൃത്വം വിശദീകരിക്കണമെന്നും രമ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."