പാമോയില്‍ ഇറക്കുമതിയില്‍ പി.ജെ തോമസിന് നിര്‍ണായക പങ്ക്: വിജിലന്‍സ്
കൊച്ചി: പാമോയില്‍ ഇറക്കുമതിയില്‍ മുന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി.ജെ തോമസിന് നിര്‍ണായക പങ്കുണ്ടെന്നും ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കരുതെന്നും വിജിലന്‍സ് അധികൃതര്‍ ഹൈക്കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി. പാമോയില്‍ കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പി.ജെ തോമസ് നല്‍കിയ ഹരജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് എസ്.പി എസ്. രാജേന്ദ്രന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. 1991-1992 വര്‍ഷത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിയായിരുന്ന പി.ജെ തോമസിന് പാമോയില്‍ കേസിലുള്ള പങ്ക് വിജിലന്‍സിന്റെ വസ്തുതാ റിപോര്‍ട്ടിലുണ്ടെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിനെ തിരഞ്ഞെടുത്തത് ടെന്‍ഡര്‍ നടപടികളില്ലാതെയാണെന്ന് അറിഞ്ഞിട്ടും പി.ജെ തോമസ് ഇറക്കുമതിക്ക് തുടര്‍നടപടി സ്വീകരിച്ചുവെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
പാമോയില്‍ ഇറക്കുമതിക്ക് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഭരണാനുമതിയില്ലെന്നും ഈ രീതിയില്‍ പാമോയില്‍ വാങ്ങുന്നത് സ്റ്റോര്‍ പര്‍ച്ചേസ് ചട്ടങ്ങളുടെ ലംഘനമാണെന്നും അറിഞ്ഞുകൊണ്ടാണ് പി.ജെ തോമസ് ഇതിനു കൂട്ടുനിന്നത്. ഇക്കാര്യം ഭക്ഷ്യമന്ത്രിയെ ധരിപ്പിച്ചുമില്ല.
പാമോയില്‍ ഇറക്കുമതിക്ക് ഉത്തരവിറക്കും മുന്‍പ് ധനവകുപ്പിന്റെ അനുമതി വാങ്ങിയില്ല. ഇതു പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കി. പാമോയില്‍ ഇറക്കുമതിക്ക് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കരാര്‍ ഒപ്പുവച്ചത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇറക്കുമതിക്ക് ഭരണാനുമതിയോ ടെന്‍ഡര്‍ നടപടിയോ ഇല്ലെന്നും അറിഞ്ഞിരുന്നിട്ടും പി.ജെ തോമസ് ഇതിനംഗീകാരം നല്‍കിയെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."