പിഴ ഈടാക്കി അനധികൃത കെട്ടിടങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ നീക്കം
750 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തില്ല
തിരുവനന്തപുരം: അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പിഴ ഈടാക്കി നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. നിര്‍മാണം പൂര്‍ത്തിയായിട്ടും നമ്പര്‍ ലഭിക്കാത്ത വീടുകള്‍ക്കെല്ലാം നമ്പര്‍ നല്‍കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
750 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്ക് പിഴ ഈടാക്കാതെയായിരിക്കും നമ്പര്‍ നല്‍കുക. 750 ചതുരശ്ര അടി മുതല്‍ 1,000 വരെയുള്ളതിന് 2,000 രൂപയും 1,000 മുതല്‍ 1,250 വരെയുള്ളതിന് 10,000 രൂപയും 1,250 മുതല്‍ 1,500 വരെയുള്ളതിന് 20,000 രൂപയും 1,500 മുതല്‍ 2,000 വരെയുള്ളതിന് 50,000 രൂപയും 2,000 മുതല്‍ 2,500 വരെയുള്ളതിന് ഒരു ലക്ഷം രൂപയും 2,500 മുതല്‍ 3,000 വരെയുള്ളതിന് അഞ്ചു ലക്ഷം രൂപയും അതിനു മുകളിലുള്ളതിന് 10 ലക്ഷം രൂപയും പിഴ ഈടാക്കിയായിരിക്കും നമ്പര്‍ നല്‍കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയാന്‍ ഫോര്‍ ദി പീപ്പിള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് ഉണ്ടാക്കും. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചാല്‍ അതിന്റെ ഓഡിയോ, വീഡിയോ ക്ലിപ്പിങുകള്‍ ഇതില്‍ അപ്്‌ലോഡ് ചെയ്യാവുന്നതാണ്.
കെട്ടിട നിര്‍മാണ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കും. ഇതിന്റെ പൈലറ്റ് പ്രൊജക്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത് കോഴിക്കോടിനെയാണ്. തിരുവനന്തപുരം നഗരത്തെ സ്മാര്‍ട്ട് സിറ്റി മിഷനില്‍ ഉള്‍പെടുത്തിയതായി ബുധനാഴ്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കിലയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കേന്ദ്രമാക്കി മാറ്റും. ഈ വര്‍ഷം 5,000 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. പഞ്ചായത്തുകളുടെ തനത് വരുമാനം ഈ വര്‍ഷം ആയിരം കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ മുനിസിപ്പാലിറ്റികളില്‍ 1,317 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ശുചീകരണ തൊഴിലാളികളുടെ കുട്ടികള്‍ക്കും നല്‍കും. അപാകതയില്ലാത്ത വീടു നിര്‍മാണ അപേക്ഷകളില്‍ വണ്‍ ഡേ പെര്‍മിറ്റ് നല്‍കും. കുടുംബശ്രീയെ ഉപയോഗിച്ച് സംസ്ഥാനത്തെ പ്രവാസികളുടെ കണക്കെടുക്കും. പ്രവര്‍ത്തനം നിര്‍ത്തിയ അഹാര്‍ഡ്‌സിന്റെ സംവിധാനങ്ങള്‍ കിലയുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."