കോഴിക്കോട് ജില്ല കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; ആഗസ്റ്റ് ബാച്ചിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി; ഏപ്രില്‍ 10 വരെ അവസരം
ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരമാണ് ജില്ലാ കളക്ടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാം.
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കികൊണ്ട് സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ക്ക് തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കുടുതല്‍ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ അവസരം ലഭിക്കുന്നത് വഴി കൂടുതല്‍ വിശാലവും കരുണാര്‍ദ്രവുമായ ജീവിതവീക്ഷണമുള്ള സാമൂഹ്യപ്രതിബദ്ധരായ യുവജനസമൂഹത്തെ വാര്‍ത്തെടുക്കാന്‍ പരിപാടി മുഖാന്തരം സാധിക്കുന്നു.
വിവിധ സര്‍ക്കാര്‍ പദ്ധതികളെ വിശകലനം ചെയ്യാന്‍ അവസരമൊരുക്കുക വഴി വിമര്‍ശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ് ആര്‍ജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
ഇന്റേര്‍ണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ www.dcipkkd.in എന്ന ലിങ്ക് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കുക. ഏപ്രില്‍ 10 രാത്രി 12 മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. നാല് മാസമാകും ഇന്റേര്‍ണ്‍ഷിപ്പിന്റെ കാലാവധി.
സ്‌റ്റൈപെന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഇന്റര്‍വ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്.
സംശയനിവാരണത്തിന് : 9633693211, 04952370200 എന്നീ നമ്പറുകളില്‍ വിളിക്കുക. ഇമെയില്‍ [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."