ഹൈമാസ്റ്റ് ലൈറ്റ് വരെ റെഡി, കറണ്ട് മാത്രമില്ല; വിഴിഞ്ഞം പുതിയ വാര്‍ഫ് ഇരുട്ടില്‍
കോവളം: തുറമുഖ വികസനവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും യാഥാര്‍ഥ്യമായെങ്കിലും വിഴിഞ്ഞം പുതിയ വാര്‍ഫില്‍ വൈദ്യുതി കണക്ഷന്‍ മാത്രമില്ല. സന്ധ്യ കഴിഞ്ഞാല്‍ വാര്‍ഫും പരിസരവും ഇരുട്ടില്‍ തപ്പുന്ന സ്ഥിതിയാണ്.
പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് വേ ബ്രിഡ്ജും കൂറ്റന്‍ ക്രെയിനുമടക്കം സജ്ജീകരിച്ച് ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചിട്ടാണ് വാര്‍ഫിന് ഈ ഗതികേട്. വാര്‍ഫിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ മിനക്കെടാത്തത് തുറമുഖ വികസനത്തിന് തിരിച്ചടിയായിരിക്കുകയാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനെത്തുന്ന സാധനങ്ങള്‍ പുതിയ വാര്‍ഫിലെത്തിച്ചാല്‍ അവയുടെ ഭാരമളക്കുക വഴി തുറമുഖ വകുപ്പിന്റെ വരുമാനം വര്‍ധിപ്പിക്കാമെന്ന് ലക്ഷ്യമിട്ടാണ് മാസങ്ങള്‍ക്ക് മുന്‍പ് കറണ്ടില്ലാതിരുന്നിട്ടും ഇവിടെ വേ ബ്രിഡ്ജ് നിര്‍മിച്ചത്.യഥാസമയം വൈദ്യുതി ലഭിക്കാതായതോടെ ഇത് തുരുമ്പെടുക്കുന്ന സ്ഥിതിയായി. കോടികളും ലക്ഷങ്ങളും മുടക്കി കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോഴും ഉപകരണങ്ങള്‍ സ്ഥാപിക്കുമ്പോഴും ഇതിന് അനുബന്ധമായി ഉണ്ടാകേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സമയ ബന്ധിതമായി ഒരുക്കുന്നതില്‍ അധികൃതര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. വാര്‍ഫുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന അധികൃതരുടെ വാഗ്ദാനം വിശ്വസിച്ച് കാത്തിരുന്ന തൊഴിലാളികളെയും അധികൃതരുടെ മെല്ലപ്പോക്ക് നയം പറ്റിച്ചു.
അതേ സമയം പുതിയ വാര്‍ഫില്‍ വെളിച്ചം എത്തിക്കുന്നകാര്യത്തില്‍ വൈദ്യുതി ബോര്‍ഡുമായി കരാറിലെത്തിയിട്ടുണ്ടെന്നും ഇതിനാവശ്യമായ തുക അടക്കാനും കണക്ഷന് ആവശ്യമായുള്ള യു.സി. കേബിളുകള്‍ വാങ്ങി നല്‍കാനും തീരുമാനമായതായും പോര്‍ട്ട് പര്‍സര്‍ മോഹന്‍ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."