ഗ്രീന്‍ കാര്‍പ്പറ്റ്: അരുവിക്കരയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
നെടുമങ്ങാട്: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പുതിയ മുഖച്ഛായ നല്‍കുന്ന ഡി.ടി.പി.സിയുടെ ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായി അരുവിക്കര ഡാം സൈറ്റും ശിവപാര്‍ക്കും പരിസരവും ശുചിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എസ്.പ്രീത, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രമായ അരുവിക്കരയുടെ അടിസ്ഥാന സൗകര്യവികസനവും നടക്കും.
ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കഴിഞ്ഞ ദിവസം ശബരീനാഥന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഡി.റ്റി.പി.സിയുടെ കീഴിലുള്ള ഇവിടുത്തെ ശൗചാലയങ്ങളും കാന്റീനും ശോചനീയാവസ്ഥയിലാണ്. ഇവയുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്.
ഇത് കൂടാതെ മാലിന്യ സംസ്‌കരണ സംവിധാനം, സ്ഥിരം ശുചീകരണ സംവിധാനം, വഴിവിളക്കുകള്‍, നടപ്പാത, സൈന്‍ ബോര്‍ഡുകള്‍, സുരക്ഷിതമായ കുടിവെള്ള സംവിധാനം, ഭക്ഷണം, മെച്ചപ്പെട്ട രീതിയിലുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍,
ടൂറിസ്റ്റുകളുടെ സുരക്ഷിതത്വം ഉറപ്പാക്കല്‍, മതിയായ സുരക്ഷാ സംവിധാനം, ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുവാനുള്ള സംവിധാനം എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നത്.
എം.എല്‍.എ ചെയര്‍മാനായ കമ്മിറ്റിയാണ് പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."