കൊലപാതക രാഷ്ട്രീയത്തിനെതിരേ ബി.ജെ.പി മാര്‍ച്ച് നടത്തി
തിരുവനന്തപുരം: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചു തിരുവനന്തപുരത്ത് ഒരേസമയം മൂന്നിടങ്ങളിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി.
സെക്രട്ടറിയേറ്റ്, നിയമസഭ, സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫീസ് എന്നിവിടങ്ങളിലേക്കാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരേസമയം മാര്‍ച്ച് നടത്തിയത്. സെക്രട്ടറിയേറ്റിലേക്കുളള മാര്‍ച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ആയുര്‍വേദ കോളജ് ജങ്ഷനില്‍ നിന്നു തുടങ്ങിയ മാര്‍ച്ചില്‍ പാറശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു.
വെള്ളയമ്പലം മാനവീയം വീഥിയില്‍ നിന്ന് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ രണ്ടാമത്തെ മാര്‍ച്ച് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്റെ ഭരണത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കു മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും രക്ഷയില്ലാതായതായി അദ്ദേഹം പറഞ്ഞു.
മനസാക്ഷിയില്ലാത്തയാളായി മുഖ്യമന്ത്രി മാറി. ചെകുത്താന്‍ വേദമോതുന്നതു പോലെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ അക്രമങ്ങളെ അപലപിച്ചു സംസാരിച്ചത്. അക്രമ സംഭവങ്ങള്‍ നടന്ന കണ്ണൂരില്‍ രണ്ട് ദിവസം ഉണ്ടായിട്ടും കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. സി.പി.എം നേതാവില്‍ നിന്ന് എല്ലാവരുടേയും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ഉയരണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
മ്യൂസിയം ജംഗ്ഷനില്‍ നിന്നും നിയമസഭയിലേക്കായിരുന്നു മൂന്നാമത്തെ മാര്‍ച്ച്. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഒ. രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആയിരത്തോളം സ്ത്രീകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
കേരളത്തില്‍ ബി.ജെ.പി നേടിയ വളര്‍ച്ചയില്‍ വിളറിപൂണ്ട സി.പി.എമ്മിന് മാനസികനില തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാത്രം പ്രവര്‍ത്തകരുള്ള പ്രാദേശിക പാര്‍ട്ടിയായി സി.പി.എം മാറി. സ്ത്രീകളും കുട്ടികളും ദളിതരും സി.പി.എം ഭരണത്തില്‍ അക്രമിക്കപ്പെടുകയാണ്. പിണറായി വിജയന്‍ ഭരണത്തില്‍ പൊലീസ് നിഷ്‌ക്രിയമാണ്. സി.പി.എമ്മിന്റെ ആജ്ഞകള്‍ മാത്രമാണ് പൊലീസിന് നടപ്പാക്കാനാകുന്നത്. സ്വയരക്ഷക്കായി സ്ത്രീകള്‍ക്കു കറിക്കത്തി എടുക്കേണ്ട സാഹചര്യമാണുള്ളത്. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ മാത്രം ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."