മലമ്പുഴ മേഖലയില്‍ കാട്ടാനകളുടെ ആക്രമണം തടയാന്‍ സുരക്ഷാ നടപടികളൊരുങ്ങുന്നു
മലമ്പുഴ: മലമ്പുഴ വാരണിയില്‍ കാട്ടാനയ്ക്ക് ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുവാന്‍ ഫോറസ്റ്റ് അധികൃതര്‍ നടപടി സ്വീകരിച്ചതായി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
മലമ്പുഴ മണ്ഡലത്തിലെ വിവിധ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് ഫലപ്രദമായി തടയുവാന്‍ ഇലക്ട്രിക് ഫെന്‍സിങ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു ഉറപ്പ് നല്‍കിയത്. വന്യമൃഗ ആക്രമണം തടയുന്നതിനായി പാലക്കാട് വനം ഡിവിഷനിലെ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതലായി എലിഫന്റ് പ്രൂഫ് പഞ്ചുകള്‍ സോളാര്‍ പവര്‍ ഫെന്‍സിങ്ങ് എന്നിവ നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ആദ്യം അനുവദിച്ച് 15 ലക്ഷം രൂപയ്ക്ക് പുറമെ 20 ലക്ഷം രൂപ കൂടി ഈ സാമ്പത്തിക വര്‍ഷം വിലയിരുത്തിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനായി 15 ലക്ഷം രൂപയും ഇതിനോടകം വകയിരുത്തിയിട്ടുള്ളതായി വനം-വന്യജീവി വകുപ്പ് മന്ത്രി അറിയിച്ചു.
പുതുശ്ശേരി പഞ്ചായത്തിലെ കൊട്ടേക്കാട്, പൂയംപറ്റ, അരിക്കുടി, നാംപള്ളം എന്നീ മേഖലകളിലും അടുപ്പൂട്ടി മലവാരം എന്നീ പ്രദേശങ്ങളിലും മനുഷ്യ വന്യജീവി സംഘര്‍ഷം നിയന്ത്രിക്കുന്നതിന് പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ദ്രുത കര്‍മ്മസേനയുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കി വരുന്നുണ്ട്. പടക്കം, റബ്ബര്‍ ബുള്ളറ്റ് എന്നിവ ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന വന്യ ജീവികളെ ഉള്‍വനങ്ങളിലേക്ക് തുരത്തുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.
ശാശ്വതപരിഹാരം എന്ന നിലയില്‍ മേല്‍ പ്രദേശങ്ങളില്‍ അതിര്‍ത്തിയായി വരുന്ന ഒന്നാം പുഴ മുതല്‍ പറച്ചാത്തിവരെയും ചേമ്പന മുതല്‍ 53 കോറി വരെയുള്ള സ്ഥലങ്ങളിലെ വനാതിര്‍ത്തികളില്‍ 11 കിലോമീറ്ററോളം നിലവിലുള്ള സൗരോര്‍ജ്ജ കമ്പിവേലി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ദര്‍ഘാസ് നടപടികള്‍ പൂര്‍ത്തീകരിച്ച് പണി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ പണി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് സൗരോര്‍ജ്ജ കമ്പിവേലികള്‍ യഥാവിധി സംരക്ഷിക്കുന്നതിന് പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഒരു സമിതിയും രൂപീകരിക്കും.
പാലക്കാട് ഫോറസ്റ്റ് ഡിവിഷനു മീഴിലുള്ള ഒലവക്കോട് ഫോറസ്റ്റ് റെയ്ഞ്ചില്‍ 16.4 കിലോമീറ്റര്‍ ദൂരം സോളാര്‍ പവര്‍ ഫെന്‍സിങ്ങും 3.40 കിലോമീറ്റര്‍ ദൂരം ആന പ്രതിരോധ കിടങ്ങുകളും നിര്‍മിച്ചിട്ടുണ്ട്. കൊട്ടേക്കാട് ഭാഗത്ത് എലിഫന്റ് സ്‌ക്വാഡും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സ്‌ക്വാഡിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വാഹനം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."