മാളയിലെ അന്തര്‍ ദേശീയ സ്റ്റേഡിയം നിര്‍മാണം പാതിയില്‍ നിലച്ചു
മാള: കെ.കരുണാകരന്റെ സ്മരണക്കായി മാളയല്‍ നിര്‍മാണം ആരംഭിച്ച സ്റ്റേഡിയത്തിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. അന്തര്‍ദേശീയ നിലവാരമുള്ള സ്റ്റേഡിയം നിര്‍മിക്കാനുള്ള പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചത്. അവശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ലഭിക്കാത്തതാണ് നിര്‍മാണം നിലക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന കൃത്രിമ പുല്ല് സ്ഥാപിക്കുന്ന നടപടിയാണ് പ്രധാനമായി നടത്തേണ്ടത്. സ്റ്റേഡിയത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ കോര്‍ട്ട് യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനോട് ചേര്‍ന്നുള്ള ബാഡ്മിന്റണ്‍ ടെന്നീസ് എന്നിവക്കുള്ള ഇന്റോര്‍ സ്റ്റേഡിയവും തുറന്ന് നല്‍കാനായിട്ടില്ല. സ്റ്റേഡിയത്തിനകത്ത് കോര്‍ട്ടും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനുമായിട്ടില്ല.
വൈദ്യുതി കണക്ഷനും ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഉദ്ഘാടനം നടത്തി നേതാക്കളുടെ പേരുകള്‍ പേറുന്ന ശിലയും സ്ഥാപിച്ചു. എട്ട് കോടി രൂപയാണ് സ്റ്റേഡിയത്തിനായി വയിരുത്തിയത്. മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്റെ ശ്രമഫലമായിട്ടാണ് ബജറ്റില്‍ ഫണ്ട് വകയിരുത്തിയത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിര്‍മാണത്തിന് അപര്യാപ്തമായതിനാലാണ് ഫണ്ട് എട്ട് കോടിയാക്കി ഉയര്‍ത്തിയത്.
അന്തര്‍ ദേശീയ നിലവാരമുള്ള ഷട്ടില്‍ ബാഡ്മിന്റന്‍ ഇന്‍ഡോര്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്,ഹെല്‍ത്ത് ക്‌ളബ്,ഡ്രസിങ് റൂം,അര്‍ധ ഒളിംപിക്‌സ് നിലവാരമുള്ള നീന്തല്‍ കുളം,വോളിബോള്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, കൃത്രിമ പുല്ല് പാകിയ മൈതാനം,ഡ്രൈനേജ് സംവിധാനം എന്നിവയടങ്ങിയ സ്‌പോട്‌സ് സമുച്ചയമാണ് വിഭാവനം ചെയ്തിരുന്നത്.
ഇവയില്‍ ഇന്‍ഡോര്‍ കോര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയാണുണ്ടായത്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം യാഥാര്‍ഥ്യമായില്ലെങ്കിലും സര്‍ക്കാര്‍ കണക്കില്‍ പ്രവര്‍ത്തനക്ഷമമായ സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ മാളയുമുണ്ട്. എന്നാല്‍ കായിക മത്സരം നടത്താര്‍ ഉതകുന്ന വിധത്തില്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കാത്തതില്‍ കയിക താരങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും കടുത്ത പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."