ഈരാറ്റുപേട്ടയിലെ കോസ്‌വേ പാലങ്ങളുടെ നിര്‍മാണം നീളുന്നു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ രണ്ടു കോസ്‌വേ പാലങ്ങളുടെ നിര്‍മാണം സ്ഥലമെടുപ്പ് പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് നീളുന്നു. പുത്തന്‍ പള്ളിക്കു സമീപവും , അരുവിത്തുറ കോളജിനു സമീപവുമുള്ള പാലങ്ങളുടെ നിര്‍മാണമാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. മുടങ്ങി കിടക്കുന്ന പാലങ്ങളുടെ പണി പൂര്‍ത്തിയാക്കണെമെന്ന ആവശ്യം ശക്തമായി. മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ടതാണ് തടവനാല്‍ പുത്തന്‍ പള്ളി കോസ് വേ. എന്നാല്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതു മൂലം പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
തടവനാല്‍ ഭാഗത്തെ സ്ഥമെടുപ്പു പൂര്‍ത്തിയാക്കി അപ്രോച്ച് റോഡിന്റ പണിയും ഏതാണ്ട് പൂര്‍ത്തിയാകാറായി വന്നപ്പോഴാണ് പുത്തന്‍ പള്ളി ഭാഗത്തെ തൂണിന്റെ പണിക്കു തടസ്സം നേരിട്ടത്. പുത്തന്‍ പള്ളിയുടെ വക കെട്ടിടഭാഗം പൊളിച്ചു നീക്കാന്‍ പള്ളിയുടെ അനുമതി ലഭിച്ചിട്ടില്ല. അനുമതി അനിശ്ചിതമായി നീളുന്നതിനാലാണ് തല്‍ക്കാലം പണി നിര്‍ത്തേണ്ടി വന്നത്. പള്ളി കമ്മിറ്റിയുടെ തീരുമാനത്തിനായി പല ചര്‍ച്ചകളും നടന്നെങ്കിലും ഇതുവരെയും തീരുമാനത്തിലെത്തിയിട്ടില്ല.
ചര്‍ച്ച കളക്ടറുടെ മുന്നില്‍ വരെ എത്തിയിരുന്നു. തടവനാല്‍ ഭാഗത്തു നിന്നും പൂത്തന്‍ പള്ളിക്കു സമീപം പൂഞ്ഞാര്‍ റോഡിലേക്കാണ് പാലം പണിയുന്നത്. ഈരാറ്റുപേട്ടയുടെ വികസനത്തിന് ഏറെ പ്രയോജനം ചെയ്യുന്നതും നഗരത്തിലെ ട്രാഫിക് കുരുക്കിന് പരിഹാരവുമാകും.
അതേ സമയം പുത്തന്‍ പള്ളിയുടെ സ്ഥലം വിട്ടു കൊടുക്കാന്‍ വഖഫ് ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ലന്ന് പുത്തന്‍ പള്ളി മഹല്ല് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. പള്ളി സ്ഥലം വിട്ടു നല്‍കിയെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. രേഖാ മൂലം നഷ്ടപരിഹാരം ഉറപ്പു വരുത്തുകയോ സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും വിലനിര്‍ണയം പൂര്‍ത്തികരിച്ച് വില നിശ്ചയിക്കുന്നതിനോ പി.ഡബ്‌ള്യൂ.ഡി അധികൃതര്‍ മുന്നോട്ടു വന്നിട്ടില്ല.
മഹല്ലു വക സ്ഥലം വിട്ടു നല്‍കാന്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കണം എന്നിരിക്കെ മഹല്ല് അംഗങ്ങളുടെയോ പൊതുയോഗത്തിന്റെയോ തീരുമാനങ്ങള്‍ക്കനുസൃതമായി മാത്രമെ വഖഫ് വക സ്ഥലം വിട്ടു നല്‍കാനാകൂ എന്നും അവര്‍ പറഞ്ഞു. മറിച്ചുള്ള ആക്ഷേപങ്ങള്‍ ശരിയല്ലെന്ന് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.
അരുവിത്തുറ കോളജ് കടവിലെ പാലം പണിക്ക് വിഘാതം നില്‍ക്കുന്നത് ചില സ്വകാര്യ വ്യക്തികളാണ്. അവിടെയും പാലാ റോഡില്‍ അപ്രോച്ച് ഭാഗത്തെ തൂണിന്റെ പണി നടക്കാത്തതാണ് പണി മുടങ്ങാന്‍ കാരണം. രണ്ടു വര്‍ഷം മുന്‍പാണ് ഇവിടെ പണി തുടങ്ങിയത്. അപ്രോച്ച് റോഡിനു വേണ്ടി വരുന്ന സ്ഥലത്ത് രണ്ടുവീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്.
അവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാതെ പാലം പണി മുന്നോട്ടുപോകാന്‍ കഴിയില്ല. ഒരാള്‍ക്ക് സ്ഥലത്തിന്റെ ആധാരവും മറ്റൊരാള്‍ക്ക് കൈവശ രേഖയും ഉണ്ടന്നു പറയുന്നു. ഇതിനു പരിഹാരം കാണുന്നതിനു അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അതാണ് പണി അനിശ്ചിതത്വത്തിലാകാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."