ഐ.എസ്.എല്ലില്‍ കീഴ്‌വഴക്കം ലംഘിച്ചു ദേശീയ ഗാനാലാപനം; നടപടി വേണമെന്നു പരാതി
തിരുവനന്തപുരം: കഴിഞ്ഞ 14നു കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന്റെ തുടക്കത്തില്‍ ദേശീയ ഗാനം പാടിയപ്പോള്‍ കീഴ്‌വഴക്കങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശവും ലംഘിച്ച സംഭവത്തെക്കുറിച്ചു അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പാലായിലെ മഹാത്മാഗാന്ധി ദേശീയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് മുഖ്യമന്ത്രി, ഡി.ജി.പി, കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്കു പരാതി നല്‍കി. കേരളാ ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും തമ്മില്‍ നടന്ന മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുമ്പോള്‍ അറ്റന്‍ഷനായി നില്‍ക്കണമെന്ന കീഴ്‌വഴക്കവും നിര്‍ദ്ദേശവും ലംഘിച്ചുകൊണ്ട് കൈമാറോട് ചേര്‍ത്തു പിടിച്ചാണ് ദേശീയഗാനാലാപനം നടത്തിയത്. ഇതു ദേശീയ ഗാനത്തോടുള്ള അവഹേളനമാണ്. ഗ്രൗണ്ടില്‍ അണി നിരന്ന താരങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളും ദേശീയഗാനം പാടിയപ്പോള്‍ കീഴ്‌വഴക്കം ലംഘിക്കുകയായിരുന്നു.
ഇവരെ ശ്രദ്ധിച്ച കാണികളും കീഴ്‌വഴക്കം ലംഘിച്ചു. പരിശീലനം നല്‍കി ഗ്രൗണ്ടിലെത്തിച്ച കുട്ടികള്‍ ദേശീയഗാനം പാടിയപ്പോള്‍ കീഴ്‌വഴക്കം ലംഘിച്ചതിന്റെ ഉത്തരവാദിത്വം സംഘാടക സമിതിക്കാണ്. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ബോധപൂര്‍വം ദേശീയഗാനാലാപനത്തിന്റെ കീഴ്‌വഴക്കം തെറ്റിച്ചതാണെന്നു സംശയമുണ്ടെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും എബി ജെ ജോസ് പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."