ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ല: മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ ദുരൂഹത
കൊളത്തൂര്‍: മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ അഗ്‌നിബാധയില്‍ ദുരൂഹതയുള്ളതായി ആശുപത്രി അധികൃതര്‍. കെ.എസ്.ഇ.ബി അധികൃതരുടെ പരിശോധനയില്‍ ഷോര്‍ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ല. രണ്ടു ലക്ഷത്തോളം ഫയലുകള്‍ കത്തിനശിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണു മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ വന്‍ അഗ്‌നിബാധയുണ്ടായത്. മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ഡിപാര്‍ട്ട്‌മെന്റിലെ എം.എല്‍.സി ഫയലുകളും 20 കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചിരുന്നു.
ശബ്ദം കേട്ടു തൊട്ടടുത്ത കെട്ടിടത്തിലെ കണ്‍സോള്‍ റൂമില്‍ ഡ്യൂട്ടിയിലുള്ള നഴ്‌സാണ് ആദ്യം തീ പടര്‍ന്നതു കണ്ടത്. പ്രധാന കെട്ടിടത്തില്‍ നിന്നു മാറി മറ്റൊരു കെട്ടിടത്തിലാണു കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്ത കെട്ടിടത്തിലേക്കു തീ പകരും മുമ്പ് പെരിന്തല്‍മണ്ണയില്‍ നിന്നും അഗ്‌നിശമനാസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
2013 മുതല്‍ ഇതുവരെയുള്ള എല്ലാ എം.എല്‍.സി ഫയലുകളും ആക്‌സിഡന്റ് റിപ്പോര്‍ട്ടുകളെല്ലാം പൂര്‍ണമായും കത്തിനശിച്ചു. കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്നു വ്യക്തമായി. പ്രധാന കെട്ടിടത്തില്‍ അപകടമുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കി മറ്റൊരു കെട്ടിടത്തില്‍ ഫയലുകള്‍ സൂക്ഷിച്ചിരുന്നത്. സാധാരണ ഗതിയില്‍ ഒരു ചെറിയ പാലം കടന്ന ശേഷമേ ഈ കെട്ടിടത്തിലേക്കു പ്രവേശിക്കാനാകൂ. എന്നാല്‍ കെട്ടിടത്തിന്റെ കുറച്ചു ഭാഗം നെറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നതിനാല്‍ ആശുപത്രിയില്‍ നിന്നുള്ളവര്‍ക്ക് കടക്കാനാകില്ല. മലപ്പുറത്തു നിന്നും ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റും പെരിന്തല്‍മണ്ണ സി.ഐ സാജു കെ.എബ്രഹാമും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."