ബസ് സ്റ്റാന്‍ഡില്‍ നരകജീവിതം നയിച്ച് വയോധികന്‍
തിരൂര്‍: ബസ് സ്റ്റാന്‍ഡില്‍ നരകജീവിതം നയിക്കുന്ന വയോധികന്‍ ദയനീയ കാഴ്ചയാകുന്നു. മംഗലം ജുമുഅത്ത് പള്ളിക്കു സമീപം താമസിക്കുന്ന വളപ്പില്‍ അലിയെന്ന 75 കാരനാണു തിരൂര്‍ ബസ് സ്റ്റാന്റില്‍ രോഗങ്ങളോടു പടപൊരുതി ഏകനായി ദുരിതമനുഭവിക്കുന്നത്.
ഭാര്യയും മൂന്നു മക്കളും ഉണ്ടെങ്കിലും അലിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതിനാല്‍ ആരെയും ബുദ്ധിമുട്ടിക്കാതെ അലി വീടു വിട്ടിറങ്ങുകയായിരുന്നു. ആറു മാസം മുമ്പ് തിരൂര്‍ ബസ് സ്റ്റാന്റില്‍ എത്തിയെങ്കിലും പോകാന്‍ മറ്റു വഴികളില്ലാത്ത അവിടെ തന്നെ താമസമാക്കി. ആരെയും ബുദ്ധിമുട്ടിക്കാതെ ആരോഗ്യമുള്ള കാലത്തോളം ഇസ്‌ലാം മതഗ്രന്ഥങ്ങളും സുഗന്ധദ്രവ്യങ്ങളും നാടു നീളെ വിറ്റു നടന്നാണ് അലി കുടുംബം പോറ്റിയിരുന്നത്.
എന്നാല്‍ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഓരോന്നായി അലട്ടാന്‍ തുടങ്ങിയതോടെ ജോലിക്കു പോകാന്‍ കഴിയാതെയായി. പിന്നീടു വീട്ടുകാര്‍ക്കു ഭാരമായി തോന്നിയപ്പോഴാണ് അലി വീട്ടുവിട്ടിറങ്ങിയത്. ഒരുതവണ പോലും വീട്ടില്‍ നിന്ന് അന്വേഷിച്ചു വരികയോ, വീട്ടിലേക്ക് പോവുകയോ ചെയ്തിട്ടില്ലെന്ന് അലിക്ക പറയുന്നു. ഇതിനു കാരണം ചോദിച്ചാലും ഇദ്ദേഹത്തിന് മറുപടിയുണ്ട്. എനിക്ക് വയസ്സായി എന്റെ ബാധ്യത ഞാന്‍ നിറവേറ്റി, മക്കളെ പ്രയാസപ്പെടുത്താന്‍ താല്‍പര്യമില്ല.അവര്‍ നല്ല നിലയില്‍ ജീവിക്കട്ടെ.
ഇതു പറയുമ്പോള്‍ അലിക്കയുടെ കണ്ണില്‍ ഈറനണിഞ്ഞിരുന്നു. ഇദ്ദേഹത്തിനു ഭക്ഷണം നല്‍കുന്നതും വേണ്ട പരിചരണം നല്‍കുന്നതും ബസ് സ്റ്റാന്റിലെ കയറ്റിറക്കു തൊഴിലാളിയായ ഹംസയാണ്. മനോനില തെറ്റിയ ആളെ പോലെ മുഷിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന വസ്ത്രങ്ങളുമായി അലഞ്ഞുനടന്ന അലിക്കയെ ഇന്നലെ രാവിലെ ഹംസയെത്തി കുളിപ്പിച്ചു പുതുവസ്ത്രം അണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."