വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ക്ക് 35വര്‍ഷത്തെ കാലപ്പഴക്കം:മഞ്ചേരിക്കാര്‍ക്ക് വരുന്ന വേനലിലും വെള്ളം പാഴായി പോവും
മഞ്ചേരി: ജല അതോറിറ്റിക്കു കീഴിലുള്ള ചെരണി പമ്പ് ഹൗസിന്റെ കുടിവെള്ള വിതരണ പൈപ്പുകളില്‍ മിക്കതും കാലപ്പഴക്കം ചെന്നത് മൂലം വെള്ളം പാഴായി പോവുന്നത് തടയാന്‍ ഈവേനലിലും സംവിധാനമായില്ല. ഇത്തവണ കുടിവെള്ള ക്ഷാമം അതിരൂക്ഷമാവുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും വെള്ള വിതരണ ശൃംഖലകളിലെ ഇടവിട്ടുണ്ടാവുന്ന തകരാറുകള്‍ പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ ഉണ്ടാവാത്തത് ആശങ്ക പരത്തിയിരിക്കുകയാണ്.
35 വര്‍ഷത്തോളം കാലപ്പഴക്കമുള്ള ആസ്ബറ്റോസ് സിമന്റ് പൈപ്പുകളിലൂടെയാണ് മഞ്ചേരിയിലും പരിസരങ്ങളിലും ഇപ്പോഴും വെള്ളം വിതരണം ചെയ്തുവരുന്നത്. ലിറ്റര്‍കണക്കിനു വെള്ളം ഇതുമൂലം പലപ്പോഴും പാഴായിപോവാറുണ്ട്. കാലപ്പഴക്കം ചെന്ന പൈപ്പുകളുടെ വാല്‍വുകള്‍ ഇടക്കിടെ പൊട്ടുന്നതുമൂലം കുടിവെള്ള വിതരണം മുടങ്ങുന്നതു പതിവാണ്. കുടിവെള്ളത്തിനു ചെരണിയിലെ ഈ ജലസംഭരണിയെ ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണ് മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ളത്.
മിക്ക സ്ഥലങ്ങളിലും ഇടക്കിടെ വെള്ളം ചോരുന്നതുകാരണം കുടിവെള്ളം വേണ്ടരീതിയില്‍ എത്തുന്നില്ലെന്നു ആക്ഷേപവും ശക്തമാണ്. നഗരത്തിലെ ജനസംഖ്യയും ആശുപത്രികള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍ എന്നിവ വര്‍ധിച്ച ഈ സാഹചര്യത്തിലും വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കുടിവെള്ള വിതരണ സംവിധാനങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. ഇത്തവണ വേനല്‍ കനത്താല്‍ കുടിവെള്ളത്തിനു നെട്ടോട്ടമോടേണ്ടിവരുമെന്ന ഭീതിയിലാണ് മഞ്ചേരിയിലേ ജനങ്ങള്‍.
നഗരസഭയില്‍ 72 പട്ടികജാതി കോളനികളാണുള്ളത്. കിടങ്ങഴി കളത്തിങ്ങല്‍, വേട്ടേക്കോട്, കാഞ്ഞിരാട്ട്കുന്ന്, പുല്ലഞ്ചേരി, ചോലക്കല്‍, പുന്നക്കുഴി, ചെരണി, വീമ്പൂര്‍, നറുകരകുളമടം, നീലിപ്പറമ്പ്, കുറ്റിപ്പാല തുടങ്ങിയ കോളനികള്‍ വേനല്‍ കാലങ്ങളില്‍ അതിരൂക്ഷമായ വരള്‍ച്ചയെയാണ് നേരിടാറുള്ളത്. ഇവര്‍ക്കും ആശ്രയം ഈ കുടിവെള്ളമാണ്.
വെള്ള വിതരണ സംവിധാനം മികച്ചതാക്കുന്നതിനായി 90കോടിയുടെ കേന്ദ്ര ഫണ്ടിനായി അപേക്ഷിച്ചിരുന്നുവെങ്കിലും അതു ഫലംകണ്ടില്ല. അതസമയം അപേക്ഷ സമര്‍പ്പിച്ച പെരിന്തല്‍മണ്ണ, പൊന്നാനി എന്നിവിടങ്ങളില്‍ പദ്ധതി യാഥാര്‍ഥ്യമാകുകകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."