HOME
DETAILS

സ്വത്തു നല്‍കി തെരുവിലായി

  
backup
October 21 2016 | 19:10 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af


ന്യൂജനറേഷന്‍ എന്നു പേരിട്ടുവിളിക്കുന്ന പുതുലോകത്തെ സാമൂഹികവ്യവസ്ഥിതിയില്‍ വന്ന മാറ്റം വൃദ്ധരായ മാതാപിതാക്കളെ ദുരിതത്തിലാക്കിയതു ചില്ലറയൊന്നുമല്ല. കൂട്ടുകുടുംബ വ്യവസ്ഥയില്‍നിന്ന് അണുകുടുംബത്തിലേയ്ക്കു കൂടുമാറിയ തലമുറ പൈതൃകം മറന്നതോടെ കുടുംബബന്ധങ്ങളും ശിഥിലമായി. അതിന്റെ ബാക്കിപത്രമെന്നോണം, പറക്കമുറ്റുംവരെ പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍ പ്രായാധിക്യാവസ്ഥയില്‍ പിന്നാമ്പുറത്തെ കാഴ്ചവസ്തുക്കളായി.


വയോധികരില്‍ നല്ലപങ്കും ഇന്നു ജന്മദു:ഖത്തിന്റെ തടവറയിലാണ്. സ്വത്തുക്കളെല്ലാം മക്കള്‍ക്ക് വീതംവച്ച് എഴുതി നല്‍കിയശേഷം വാര്‍ധക്യത്തില്‍ തീരാവിലാപവുമായി കഴിയുന്നവരും ആരും ആശ്രയമില്ലാതെ തെരുവില്‍ അലയുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. അവരില്‍ ചിലരുടെ കഥ ആരെയും കണ്ണീരിലാഴ്ത്തുന്നതാണ്. മക്കള്‍ക്കു സ്വത്തെഴുതി നല്‍കിയശേഷം വൃദ്ധസദനത്തില്‍ അഭയം തേടേണ്ടിവന്ന മാതാപിതാക്കള്‍ക്കുള്ള നല്ലൊരു ഉദാഹരണവും വലിയൊരു പാഠവുമാണു മക്കള്‍ മാഹാത്മ്യത്തിന്റെ അഭിമാനവുമായി നടന്ന മാങ്കോട് സ്വദേശിയും കൃഷിക്കാരനുമായ ജോണ്‍ ശാമുവേല്‍ അച്ചായന്റേത്.


യൗവനം തിളക്കുന്ന 23-ാം വയസില്‍ എലിയറയ്ക്കല്‍ എന്ന സ്ഥലത്തുനിന്നു ഭാര്യ മറിയാമ്മയ്‌ക്കൊപ്പം മാങ്കോട് വനമേഖലയിലെത്തുമ്പോള്‍ മണ്ണില്‍ പണിയെടുക്കാനുള്ള മനസും ഓജസും മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. മണ്ണില്‍ പൊന്നു വിളയിച്ച് അവര്‍ ജീവിതമാരംഭിച്ചു. ഇതിനിടെ നാലു മക്കള്‍ ജനിച്ചു. കണ്ണിലെ കൃഷ്ണമണിപോലെ മക്കളെ വളര്‍ത്തി. ദാരിദ്ര്യംമൂലം തങ്ങള്‍ക്കു ലഭിക്കാതിരുന്ന വിദ്യാഭ്യാസം മക്കള്‍ക്കു നല്‍കി. ഉന്നതവിദ്യാഭ്യാസം നേടിയ മക്കള്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉയര്‍ന്നനിലയില്‍ ജീവിതമാരംഭിച്ചു.


മക്കള്‍ മാഹാത്മ്യത്തില്‍ അന്തസോടെ കഴിഞ്ഞ അച്ചായനും ഭാര്യയും ജീവിതസായാഹ്നത്തിലെത്തിയതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. ശിഷ്ടകാലം മക്കളോടൊപ്പം ജീവിക്കാമെന്ന ആഗ്രഹത്തോടെ കഴിഞ്ഞ ആ മാതാപിതാക്കളുടെ ദുരന്തമാണു പിന്നീടു കണ്ടത്. പിതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവും വീടും സമ്പന്നരായ മക്കള്‍ എഴുതിവാങ്ങി. അച്ചായനും ഭാര്യയും ഒറ്റപ്പെട്ടു.  ഭാര്യ മറിയാമ്മ മരിച്ചതോടെ മക്കളും മരുമക്കളും ചേര്‍ന്നു അച്ചായനെ ഒഴിവാക്കി.
മണ്ണില്‍ പൊന്നു വിളയിച്ചു ലക്ഷങ്ങള്‍ സമ്പാദിച്ചു മക്കളെ ഉന്നതനിലയിലെത്തിച്ച് അഭിമാനത്തോടെ കഴിഞ്ഞ പിതാവിന്  കടത്തിണ്ണയില്‍ അഭയം തേടേണ്ടിവന്നു. മക്കള്‍ക്കെതിരേ പൊലീസില്‍ പരാതി കൊടുക്കേണ്ട അവസ്ഥയുമുണ്ടായി. ഒരു ഫലവുമുണ്ടായില്ല. ഇപ്പോഴൊരു അഗതിമന്ദിരത്തിലെ അന്തേവാസിയാണ് അച്ചായന്‍.


ജീവിതസമ്പാദ്യം മുഴുവന്‍ മക്കള്‍ക്ക് എഴുതി നല്‍കുന്ന മാതാപിതാക്കളുടെ ദുരിതകഥയില്‍ തിരുവനന്തപുരം തൊഴുവന്‍കോട് സ്വദേശിനി ദമയന്തിയമ്മയുടെ കഥയുമുണ്ട്. ഇവിടെ വില്ലന്മാരായതു പേരക്കുട്ടികളാണെന്ന വ്യത്യാസം മാത്രം. എണ്‍പതുകാരിയായ ദമയന്തിയമ്മയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടശേഷം പേരക്കുട്ടികള്‍ വീടുപൂട്ടി കടന്നുകളഞ്ഞതു സ്വത്തു തട്ടിയെടുക്കാനായിരുന്നു. അലമാര, കട്ടില്‍, മെത്ത തുടങ്ങി എല്ലാ വീട്ടുസാധനങ്ങളും അവര്‍ കൊണ്ടുപോയി.
ദമയന്തിയമ്മയുടെ മരുന്നും അതിന്റെ കുറിപ്പടികളും ചെറുമക്കള്‍ ബാക്കിവച്ചില്ല.  മരുന്നു വാങ്ങാന്‍പോലും കഴിയാത്ത അവസ്ഥയിലായി ഹൃദ്രോഗികൂടിയായ ദമയന്തിയമ്മ. മാറ്റിയുടുക്കാന്‍ വസ്ത്രവും വിശപ്പിനു ഭക്ഷണവുമില്ലാതെ ആ അമ്മ വലഞ്ഞു. താമസിക്കുന്ന സ്ഥലം വില്‍പ്പന നടത്താന്‍ സമ്മതിക്കാത്തതിനാലാണു ദമയന്തിയമ്മയെ ഇറക്കിവിട്ടത്. ദമയന്തിയമ്മയെ ഇറക്കിവിടാനോ സ്ഥലം കൈമാറ്റം ചെയ്യാനോ പാടില്ലെന്ന ആര്‍.ഡി.ഒയുടെ ഉത്തരവു നിലനില്‍ക്കെയായിരുന്നു ഈ നടപടി.


ദമയന്തിയമ്മയ്ക്കു നാലു മക്കളാണുണ്ടായിരുന്നത്. മൂന്ന് ആണ്‍മക്കളും ഒരു പെണ്ണും. ഇതില്‍ മൂന്നു ആണ്‍മക്കളും മരണമടഞ്ഞു. തന്റെ പേരിലുള്ള അഞ്ചു സെന്റ് പുരയിടവും വീടും മക്കള്‍ക്കു വീതംവച്ചു നല്‍കിയിരുന്നു. തന്റെ അനുവാദമില്ലാതെ സ്ഥലം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥ അതിലുണ്ടായിരുന്നു. മക്കള്‍ മരിച്ചതോടെ പേരക്കുട്ടികള്‍ സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചു.


നല്ല സാമ്പത്തികസ്ഥിതിയുള്ളവരായിട്ടും ദമയന്തിയമ്മയെ ഒഴിവാക്കി സ്വത്തു തട്ടിയെടുക്കാനാണവര്‍ ശ്രമിച്ചത്. അഞ്ചുമക്കളും ചെറുമക്കളും ബന്ധുക്കളുമെല്ലാമുള്ള മാതാവിന്റെ ഗതികേടില്‍ ആര്‍ക്കും ദു:ഖം തോന്നും.
കൊല്ലം കാവനാടു സ്വദേശി സുമംഗലിയമ്മയുടെ കഥ മറ്റൊന്നാണ്. ഏക്കറുകണക്കിനു സ്വത്തുണ്ടായിരുന്നു. അതു മക്കള്‍ക്കു വീതിച്ചുനല്‍കി. പതിനാറുകൊല്ലംമുമ്പു ഭര്‍ത്താവു മരിച്ചു. അതിനുശേഷം കുറച്ചുദിവസം അവിവാഹിതനായ ഇളയസഹോദരനോടൊപ്പമായിരുന്നു താമസം. പുരയിടം വിറ്റപ്പോള്‍ കിട്ടിയ അഞ്ചു ലക്ഷം രൂപയില്‍ ഒരുലക്ഷം മൂത്തമകനും ബാക്കിയുള്ളതു മറ്റുള്ളവര്‍ക്കും വീതിച്ചു കൊടുത്തു. ഇനി ഒന്നും ബാക്കിയില്ല. ഒടുവില്‍ അഗതിമന്ദിരം അഭയമായി.


കോട്ടയം നഗരത്തിലെ തിരക്കേറിയ ജങ്ഷന്‍. മരിച്ച് ഒരു മാസത്തിലേറെയായി പുറംലോകമറിയാതെ പുഴുവരിച്ചു കിടന്ന റിട്ടയേര്‍ഡ് അധ്യാപികയുടെ മൃതശരീരം പോലീസ് പരിശോധിക്കുന്നതിന്റെ ചിത്രവും വാര്‍ത്തയും മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. മക്കളും മരുമക്കളുമുണ്ടായിട്ടും ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ആ അമ്മ. അയല്‍പ്പക്കത്തുള്ളവര്‍ ഒരു മാസമായി അവരെ കണ്ടിട്ടേയില്ല. അമ്മ മരിച്ചത് മക്കളുള്‍പ്പെടെ ആരും അറിഞ്ഞതുമില്ല. വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ടുപോയ മക്കള്‍ അമ്മയുടെ വിവരം തിരക്കാന്‍ മാസങ്ങളായി ശ്രമിച്ചില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.


എങ്ങോട്ടുപോകണമെന്നറിയാതെ ഓച്ചിറക്ഷേത്രമൈതാനത്ത് ഉറക്കെ കരഞ്ഞുകൊണ്ടിരുന്ന മറ്റൊരു അമ്മയുടെ കഥയിങ്ങനെ. എഴുന്നേറ്റു നില്‍ക്കാന്‍പോലും വയ്യാതെ അലമുറയിട്ട ആ അമ്മയുടെ ചുറ്റും ആള്‍ക്കാര്‍ തടിച്ചുകൂടി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണു ചതിയുടെ കഥയറിഞ്ഞത്. ഉത്സവം കാണാനെന്നു പറഞ്ഞു മകനും മരുമകളും കൊച്ചുമകനുംകൂടി കാറില്‍ കയറ്റിക്കൊണ്ടുവന്നതാണ് ആ അമ്മയെ. ഉത്സവപ്പറമ്പിലെ തിരക്കിനിടയില്‍ അമ്മയെ ഉപേക്ഷിച്ച് അവര്‍ കടന്നുകളഞ്ഞു.


ദിവസങ്ങളേറെ കഴിഞ്ഞിട്ടും അമ്മയെ അന്വേഷിച്ച് ആരും വന്നില്ല. നാട്ടുകാര്‍ ബന്ധുക്കളെക്കുറിച്ച് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അമ്മയെ ഉപേക്ഷിച്ച മകനെ കണ്ടെത്താന്‍ മനഃപൂര്‍വം ആരും തയാറായില്ല. അതിനുപകരം കുറെ സുമനസുകള്‍ ആ അമ്മയ്ക്കു സംരക്ഷണമൊരുക്കി. സമാനമായ സംഭവാണ് അടുത്തിടെ ഗുരുവായൂരിലുണ്ടായത്. അമ്മയെ ക്ഷേത്രനടയില്‍ ഉപേക്ഷിച്ചു മകനും ഭാര്യയും കടന്നുകളയുകയായിരുന്നു. അതും സമൂഹത്തില്‍ മാന്യത നടിച്ചു നടക്കുന്നവര്‍.


നാലുമക്കളുണ്ടായിട്ടും അന്തിയുറങ്ങാന്‍ ഇടംതേടി തെരുവില്‍ അലയേണ്ട ദുര്യോഗമാണു കൊച്ചി ചേരാനല്ലൂര്‍ സ്വദേശി ത്രേസ്യയ്ക്കുണ്ടായത്. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു മക്കളെല്ലാം പിണങ്ങിപ്പോയി. അമ്മയെ സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കി ഭൂമി എഴുതിവാങ്ങിയ ഇളയമകന്‍ ഇറക്കിവിടുകയും ചെയ്തു. ഇറക്കിവിടുംമുമ്പ് ദിവസങ്ങളോളം പട്ടിണിക്കിടുകയും  മര്‍ദിക്കുകയും ചെയ്തു. മകനെയും ഭാര്യയെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലിസില്‍ പരാതിനല്‍കി. പൊലിസ് ഇടപെട്ടതോടെ മൂത്തമകന്‍ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറായെങ്കിലും ഇളയമകന്റെ ഭീഷണിയില്‍ പിന്മാറി. ഇപ്പോള്‍ അഗതിമന്ദിരത്തിലാണു താമസം.
ഒരുകാലത്തു സമൂഹത്തില്‍ വിലയും നിലയുമുണ്ടായിരുന്ന ഒരു രാഷ്ട്രീയനേതാവിന്റെ കഥ ആരെയും വേദനിപ്പിക്കുന്നതാണ്. മുന്‍കാല സി.പി.ഐ നേതാവും വാഴൂര്‍ മണ്ഡലത്തിലെ മുന്‍ എം.എല്‍.എയുമായ അഡ്വ. കടയണിക്കാട് പുരുഷോത്തമന്‍പിള്ളയെന്ന വയോധികന്‍ അഗതിമന്ദിരത്തില്‍ അഭയംതേടിയെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ജൂലായ് 31ലെ മാധ്യമങ്ങളില്‍ പ്രധാനവാര്‍ത്തയായിരുന്നു. ഉന്നതനിലയില്‍ ജീവിക്കുന്ന മക്കള്‍ കൈവിട്ടതിനെത്തുടര്‍ന്നാണ് 87കാരനായ പുരുഷോത്തമന്‍പിള്ള അഗതിമന്ദിരത്തില്‍ എത്തിയത്.


രണ്ട് ആണ്‍മക്കളും ഒരു മകളുമുള്ള പുരുഷോത്തമന്‍പിള്ള അഗതിമന്ദിരത്തിലെത്തിയ വിവരം കാണിച്ചു നടത്തിപ്പുകാര്‍ പരസ്യം നല്‍കുകയും മക്കളെ വിളിച്ചറിയിക്കുകയും ചെയ്തിട്ടു കൂട്ടിക്കൊണ്ടു പോകാന്‍ ആരുമെത്തിയില്ല. അവസാനകാലത്തു മകളെ മാത്രം കാണണമെന്ന ആഗ്രഹവുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തെ രോഗം ബാധിച്ചതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആഗ്രഹം നിറവേറ്റാനാവാതെ ഇക്കഴിഞ്ഞ ഓണക്കാലത്തു ജീവിതത്തോടു വിടവാങ്ങി. മൃതദേഹം ഏറ്റുവാങ്ങാന്‍ മക്കളെത്തിയിരുന്നു....
(തുടരും)







.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  26 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  41 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  5 hours ago