വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മുസ്‌ലിം കൂട്ടായ്മ: പൊതു വിഷയങ്ങളില്‍ യോജിച്ച് മുന്നേറാന്‍ തീരുമാനം
കോഴിക്കോട്: സമുദായം അഭിമുഖീകരിക്കുന്ന പൊതു വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഫല പ്രദമായ നടപടികള്‍ ആവിഷ്‌കരിക്കാനും കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് വിളിച്ചു ചേര്‍ത്ത സമുദായ സംഘടനാ നേതാക്കളുടെ സംസ്ഥാന തല കൂട്ടായ്മ തീരുമാനിച്ചു. യോഗത്തില്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ബോര്‍ഡ് അംഗം കൂടിയായ എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. വഖ്ഫ് ബോര്‍ഡ് മുഖേന കൗണ്‍സലര്‍മാരെ ഉപയോഗപ്പെടുത്തി ഫാമിലി കൗണ്‍സലിങ് സംവിധാനം മഹല്ലുകളില്‍ നടപ്പിലാക്കുന്നത് സംന്ധിച്ചും പള്ളി ഇമാമുമാരെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഓഫിസര്‍മാരായി ഉയര്‍ത്തുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. വിവിധ പദ്ധതികളും നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ ട്രെയിനിങുകള്‍ നല്‍കും.
ഇന്ത്യയില്‍ പൊതു സിവില്‍ നിയമം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും വ്യത്യസ്ത മതവിഭാങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ പൊതു സിവില്‍ നിയമം കൊണ്ടു വരുന്നതിലൂടെ രാജ്യത്തിന്റെ മതേതരത്വം ഹനിക്കപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ബോര്‍ഡ് അംഗങ്ങളായ എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എം. ശറഫുദ്ദീന്‍, അഡ്വ. ഫാത്വിമ റോസ്‌ന, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. ഉമര്‍ ഫൈസി മുക്കം, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എം.ടി. അബ്ദുസ്സമദ് സുല്ലമി, പി.കെ. ഉമര്‍ സുല്ലമി, അനസ് കടലുണ്ടി, പി.ടി.എ. മുഹമ്മദലി, എന്‍.പി. ഉമര്‍ ഹാജി, സി.വി. കുഞ്ഞിമുഹമ്മദ്, പി. മമ്മദ്‌കോയ എന്‍ജിനിയര്‍, ടി.കെ. പരീക്കുട്ടി ഹാജി, പി. മാമുക്കോയ എന്‍ജിനിയര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ബി.എം. ജമാല്‍ സ്വാഗതവും ഡിവിഷണല്‍ ഓഫിസര്‍ യു. അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."