അഫ്‌സ്പ മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയം: ഇറോംഷര്‍മ്മിള
ഇംഫാല്‍: മണിപ്പൂരില്‍ പട്ടാളത്തിന് പ്രത്യേക സൈനികാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം തന്നെയാകും ഇത്തവണ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാകുകയെന്ന് മണിപ്പൂരിലെ സമരനായികയും പി.ആര്‍.ജെ.എ പാര്‍ട്ടിനേതാവുമായ ഇറോംഷര്‍മ്മിള.
കഴിഞ്ഞുപോയ തെരഞ്ഞെടുപ്പുകളിലൊന്നും മുഖ്യവിഷയമാകാതിരുന്ന ഈ നിയമം ഇത്തവണ സജീവമാക്കുകയാണ് ഇറോംഷര്‍മ്മിളയുടെ ലക്ഷ്യം. എന്തുകൊണ്ടാണ് നേരത്തെ നടന്ന നിയമസഭാ-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലൊന്നും അഫ്‌സ്പ നിയമം മുഖ്യവിഷയമാകാതിരുന്നതെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായി ഷര്‍മ്മിള പറഞ്ഞു. ഇത്തവണ ജയിലിന് പുറത്തായതുകൊണ്ട് മുഖ്യവിഷയം അഫ്‌സ്പ തന്നെയാക്കാനാണ് തീരുമാനമെന്നും ഷര്‍മ്മിള വ്യക്തമാക്കി.
അഫ്‌സ്പ നിയമം പിന്‍വലിച്ചാല്‍ മാത്രമെ മണിപ്പൂരിലെ അഴിമതിയും തീവ്രവാദ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനാകൂ. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് താനും പാര്‍ട്ടിയും ഇപ്പോള്‍ തന്നെ ഒരുങ്ങിക്കഴിഞ്ഞു. വോട്ടര്‍മാരില്‍നിന്നും 10 രൂപവീതം സ്വീകരിച്ച് തങ്ങള്‍ പ്രചാരണം നടത്തുമെന്നും ഷര്‍മ്മിള സുപ്രഭാതത്തോട് വിശദീകരിച്ചു. 20 നിയമസഭാ മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ഇതില്‍ അഞ്ചു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ ഇപ്പോള്‍ തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മണിപ്പൂരിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്‌ലിം വനിതയും ഷര്‍മ്മിളയുടെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി ഇബൂബി സിങിനെതിരെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ഷര്‍മ്മിള സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ നേരില്‍കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."