ബന്ധുനിയമനം: മുന്‍മന്ത്രിമാര്‍ക്കെതിരേ തെളിവുകള്‍ വേണമെന്ന് കോടതി
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേകകോടതി പരാതിക്കാരനായ എ.എച്ച് ഹഫീസിനോട് നിര്‍ദേശിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ 16 നിയമനങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഹഫീസ് കോടതിയെ സമീപിച്ചത്. എന്നാല്‍, പരാതിയിലുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്ന് കോടതി പറഞ്ഞു.
ആരോപണങ്ങളെ സാധൂകരിക്കുന്ന വിശദമായ തെളിവുകളില്ലാതെ അന്വേഷണത്തിന് ഉത്തരവ് ഇടാനാവില്ല. അതിനാല്‍ അടുത്തമാസം 20ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തെളിവുകള്‍ ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദേശം. അതേസമയം, മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ ബന്ധുക്കളുടെ നിയമനത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചു.
അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വര്‍ഗീസ്, സഹോദരി അമ്പിളി ജേക്കബ് എന്നിവരുടെ നിയമനങ്ങളാണ് അന്വേഷിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, കെ.എം മാണി, കെ.സി ജോസഫ് ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിട്ടുളളത്.
അതിനിടെ യു.ഡി.എഫ് ഭരണകാലത്ത് ബന്ധുക്കളെ സുപ്രധാന തസ്തികകളില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കും ആറ് മുന്‍ മന്ത്രിമാര്‍ക്കുമെതിരേ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് നേരത്തെ തീരുമാനിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലംപള്ളിയെ കോ-ഓപ്പറേറ്റിവ് സര്‍വിസ് എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചതും ഡ്രൈവറുടെ മകളെ നോര്‍ക്കയില്‍ നിയമിച്ചതുമാണ് പരാതികളില്‍ പ്രധാനം. മുന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ.സി ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബിജോണ്‍, കെ.എം മാണി എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ട്. ഇവര്‍ ബന്ധുക്കളെ വലിയ ശമ്പളമുള്ള തസ്തികകളില്‍ നിയമിച്ചതായി വിജിലന്‍സിന് പരാതി ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."