റേഷന്‍വിതരണം നിലച്ചു; അരിവില കുതിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ സംവിധാനം താറുമാറായിരിക്കെ പൊതുവിപണിയില്‍ അരിവില കുതിക്കുന്നു. പത്തുദിവസത്തിനിടെ കിലോയ്ക്ക് മൂന്നു രൂപ വര്‍ധിച്ചു.
ആന്ധ്രാപ്രദേശില്‍ നിന്നുമെത്തുന്ന വിവിധ ബ്രാന്റുകളിലുള്ള കുറുവ അരിക്കാണ് കാര്യമായ വര്‍ധനവുണ്ടായത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രണ്ടു രൂപയാണ് കൂടിയത്. മൊത്തവിപണിയില്‍ 26 രൂപയുണ്ടായിരുന്ന കുറുവയ്ക്ക് 28 രൂപയായി. 32 രൂപയ്ക്ക് ലഭിച്ചിരുന്ന മുന്തിയ ഇനം കുറുവക്ക് 33 രൂപയാണ് ഇന്നലത്തെ വില. ചില്ലറ വിപണിയില്‍ ഇതിനേക്കാള്‍ മൂന്നുരൂപ വരെ ഓരോ ഇനങ്ങള്‍ക്കും വര്‍ധിക്കും. പഞ്ചിമ ബംഗാളില്‍ അരി വില വര്‍ധിച്ചിട്ടില്ലെങ്കിലും ബംഗാള്‍ ബോധനയുടെ വിലയില്‍ അന്‍പത് പൈസയുടെ വര്‍ധനവുണ്ടായി. മൊത്ത വിപണിയില്‍ കുറുവ അരിക്കു മാത്രമേ വില കൂടിയിട്ടുള്ളൂവെങ്കിലും ചില്ലറ വിപണിയില്‍ എല്ലാ ഇനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. 27 രൂപയുടെ ബോധനക്ക് 29 രൂപയായി. തെക്കന്‍ കേരളത്തില്‍ ഏറെ ആവശ്യക്കാരുള്ള ജയ, സുരേഖ ഇനം അരികളുടെയും വില ഉയര്‍ന്നു. ആന്ധ്രാലോബി കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതാണ് പൊതുവിപണിയിലെ വില വര്‍ധനക്ക് കാരണമെന്ന് കോഴിക്കോട് വലിയങ്ങാടിയിലെ മൊത്തവ്യാപാരികള്‍ പറയുന്നു. ഇതൊടൊപ്പം സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ നടപ്പാക്കാത്തതിനെ തുടര്‍ന്ന് കേരളത്തിനുള്ള ഭക്ഷ്യധാന്യം കേന്ദ്രം വെട്ടിക്കുറച്ചത് മൂലം റേഷന്‍ വിതരണം താറുമാറായതും വിലക്കയറ്റത്തിലേക്ക് നയിച്ചു.
ഏറെക്കാലത്തെ ഇടവേളക്കുശേഷം കഴിഞ്ഞ ജൂണ്‍ മുതലാണ് സംസ്ഥാനത്ത് അരി വില വര്‍ധിക്കാന്‍ തുടങ്ങിയത്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അരിയെത്തുന്നത്. പ്രതിമാസം 75,000 ടണ്‍ അരിയാണ് ആന്ധ്രയില്‍ നിന്ന് നേരത്തെ എത്തിയിരുന്നത്. എന്നാല്‍ കുറച്ചുകാലമായി കേരളത്തിലേക്ക് ഇതിന്റെ പകുതിയോളം അരി മാത്രമേ നല്‍കുന്നുള്ളൂ. കേരളത്തിലെ അരിവിപണി ആന്ധ്രയിലെ വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഇവരുടെ തീരുമാനത്തിന് അനുസരിച്ചാണ് വില കൂടുന്നതും കുറയുന്നതും. മാസങ്ങള്‍ക്ക് മുന്‍പ് അരി വില വര്‍ധിച്ചപ്പോള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ വില കുറയുന്നത് തടയാന്‍ ആന്ധ്രയില്‍ നിന്നുള്ള ലോബി കേരളത്തില്‍ ക്യാംപ് ചെയ്തിരുന്നു. ആന്ധ്രയില്‍ സുരേഖ, ജയ അരികള്‍ വേണ്ടത്ര സ്റ്റോക്കുണ്ട്. എന്നാല്‍, കേരളത്തിലേക്ക് ഇവ കൂടുതല്‍ കൊണ്ടുവരാതിരിക്കാന്‍ ആന്ധ്രയില്‍നിന്നുള്ള മില്ലുടമകള്‍ തന്നെ നീക്കം നടത്തുകയാണ്. കുറുവ, സുരേഖ, ജയ എന്നീ ഇനം അരികളുടെ പ്രധാനവിപണിയും കേരളമാണ്. അതുകൊണ്ടുതന്നെ ഈ ഇനങ്ങളുടെ വില താഴേക്ക് പോകാതിരിക്കാനുള്ള തന്ത്രങ്ങളാണ് ആന്ധ്രയിലെ മില്ലുടമകള്‍ നടത്തിപ്പോരുന്നത്. ചെറുകിട മില്ലുകളില്‍ ഭൂരിഭാഗവും പൂട്ടിയതോടെ വന്‍കിട മില്ലുകളാണ് ആന്ധ്രയിലെ അരി വിപണി നിയന്ത്രിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."