പൊലിസ് സ്റ്റേഷനുകള്‍ ഇനി ഹരിത സൗഹൃദം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകള്‍ ഹരിത സൗഹൃദമാകും. എല്ലാ പൊലിസ് ഓഫിസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശിച്ചു.
ശുചിത്വപൂര്‍ണമായ അന്തരീക്ഷവും ഫലപ്രദമായ മാലിന്യസംസ്‌കരണവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ശുചിത്വമിഷനുമായി സഹകരിച്ചാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത്. പൊലിസ് സ്റ്റേഷനുകളിലും ഓഫിസുകളിലും പ്ലാസ്റ്റിക്കുകള്‍ കത്തിക്കുന്നതും ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായി സംസ്‌ക്കരിക്കാതിരിക്കുന്നതും ഒഴിവാക്കണം. മാലിന്യങ്ങള്‍ ഫലപ്രദമായും ശുചിത്വപൂര്‍ണമായും സംസ്‌ക്കരിക്കണം. ജീവനക്കാര്‍ ഉച്ചഭക്ഷണവും മറ്റും ടിഫിന്‍ ബോക്‌സുകള്‍ പോലെ വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളില്‍ കൊണ്ടുവരണം.
ഭക്ഷണാവശിഷ്ടങ്ങള്‍ അതിനായുള്ള കുട്ടകളില്‍ മാത്രം നിക്ഷേപിക്കണം. അത് യഥാസമയം ബയോഗ്യാസ് പ്ലാന്റ്, വിന്‍ട്രോ കമ്പോസ്റ്റിങ് യൂനിറ്റിലേക്ക് മാറ്റണം.
സാങ്കേതിക സഹായത്തിന് ശുചിത്വമിഷന്റെ സഹകരണം തേടണം. ഡിസ്‌പോസിബിള്‍ ഗ്‌ളാസുകള്‍, ആഹാര സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന പ്‌ളാസ്റ്റിക്കുകള്‍ എന്നിവ ഒഴിവാക്കി പകരം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ തെരഞ്ഞെടുക്കണം.
ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാര വസ്തുക്കളിലും പ്‌ളാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കി തുണി, പേപ്പര്‍ മുതലായവ ഉപയോഗിക്കണം.
പ്ലാസ്റ്റിക് പ്ലേറ്റുകളും കപ്പുകളും പൂര്‍ണമായും ഒഴിവാക്കണമെന്നും പ്ലാസ്റ്റിക് കുപ്പിവെള്ളം പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രഹസ്യ സ്വഭാവമുള്ള പേപ്പറുകള്‍ ഉപയോഗശേഷം നിര്‍മാര്‍ജനം ചെയ്യാന്‍ ഷ്രെഡര്‍ മെഷീന്‍ ഉപയോഗിക്കണം. മറ്റു പേപ്പര്‍, ഇലക്‌ട്രോണിക്, പ്ലാസ്റ്റിക് വേസ്റ്റുകള്‍ എന്നിവ തരം തിരിച്ച് സൂക്ഷിച്ചശേഷം അവ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ബന്ധപ്പെട്ട ഏജന്‍സിയെ ഏല്‍പ്പിക്കണം.
ചടങ്ങുകള്‍ക്കും മറ്റും ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിയുന്നതും വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളില്‍ നല്‍കണം. ഇക്കാര്യത്തില്‍ ജീവനക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സെമിനാറുകള്‍, ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കണം.
ഈ നടപടികള്‍ മൂന്നുമാസത്തിനുശേഷം അവലോകനം നടത്തി സംസ്ഥാനതലത്തില്‍ ഏറ്റവും കാര്യക്ഷമമായി മാലിന്യ സംസ്‌കരണം നടത്തിയ പൊലിസ് സ്റ്റേഷന്‍, യൂനിറ്റ്,സര്‍ക്കിള്‍ ഓഫിസ് എന്നിവയ്ക്ക് പാരിതോഷികം നല്‍കുമെന്നും സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു.
എല്ലാ സോണല്‍ എ.ഡി.ജി.പി.മാരും ഐ.ജി.മാരും ജില്ലാ പൊലിസ് മേധാവിമാരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ട് പ്രതിമാസം സംസ്ഥാന പൊലിസ് മേധാവിക്ക് അയക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."