കോടതിയുടെ ഉത്തരവ് നടപ്പാക്കിയതിന് കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റിന് സുഹൃത്തിന്റെ മര്‍ദനം
കഠിനംകുളം: കോടതി ഉത്തരവ് നടപ്പാക്കിയതിന് പഞ്ചായത്ത് പ്രസിഡന്റിന് നേരേ സുഹൃത്തിന്റെ ആക്രമണം. മര്‍ദനത്തില്‍ പരുക്കേറ്റ കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ വാഹിദി (65) നെ പുത്തന്‍തോപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രസിഡന്റ് ഇന്നലെ ചിറ്റാമുക്ക് പള്ളിയില്‍ നിന്നും ജുമാ നമസ്‌ക്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് തന്റെ സുഹൃത്ത് കൂടിയായ ചിറ്റാറ്റ്മുക്ക് സ്വദേശി അബ്ദുല്‍ കരീം (68) പ്രസിഡന്റിനെതിരേ ആക്രമണവുമായെത്തിയത്. മുഖത്തും ശരീരത്തിലും അടിയേറ്റ അടയാളങ്ങളുമുണ്ട്. മര്‍ദനത്തില്‍ പ്രസിഡന്റിന്റെ കണ്ണടയും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി അനധികൃതമായി കരീം കൈയടക്കിവച്ചിരുന്ന പഞ്ചായത്ത് വക ഭൂമി കോടതി ഉത്തരവിനെ തുടര്‍ര്‍ന്ന് അധികൃതര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പൊളിച്ച് മാറ്റിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് കഴക്കൂട്ടം പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയും പ്രസിഡന്റിനെതിരേ പൊലിസില്‍ പരാതി നല്‍കിയതായും അറിയുന്നു. പഞ്ചായത്തിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് പഞ്ചയത്ത് ഭരണസമിതി ഏകകണ്ഠമായി തീരുമാനം എടുത്തിരുന്നു. ചിറ്റാറ്റമുക്ക് ജങ്ഷനില്‍ വര്‍ഷങ്ങളായി പഞ്ചായത്ത് ഭൂമി കൈയടക്കിവച്ച് കച്ചവടം നടത്തി വരികയായിരുന്നു അബദുല്‍ കരീം. മാറി വരുന്ന ഭരണ സമിതികള്‍ ഒഴിയാന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കരീം കോടതിയില്‍ കേസ് കൊടുത്തിരുന്നെങ്കിലും പഞ്ചായത്തിനനുകൂലമായാണ് വിധി വന്നത്. ഇതിനെ തുടര്‍ന്ന് ഒരു മാസത്തിന് മുമ്പ് ഒഴിയാന്‍ നോട്ടീസ് നല്‍കിയിട്ടും ഒഴിയാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് രണ്ട് ദിവസത്തിന് മുമ്പ് ജീര്‍ണാവസ്ഥയിലായിരുന്ന കട ഇടിച്ചുനിരത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."