ഉന്നംതെറ്റിയ മയക്കുവെടി: മൃഗശാലയില്‍ ചത്തത് വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗം
തിരുവനന്തപുരം: മൃഗശാലയില്‍ ഡോക്ടറുടെ മയക്കുവെടിയേറ്റു ചത്തത് വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗം.
വനം വന്യജീവി വകുപ്പിന്റെ വംശനാശ ഭീഷണി ഗുരുതരമായി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കൃഷ്ണമൃഗങ്ങള്‍ (ബ്ലാക്ക് ബക്ക്). കഴിഞ്ഞ ഞായറാഴ്ചയാണ് മൃഗശാലയിലെ കൃഷ്ണമൃഗം മയക്കുവെടിയേറ്റു ചത്തത്. മൃഗശാലയില്‍ നാല്
വെള്ളകൃഷ്ണ മൃഗങ്ങളാണുണ്ടായിരുന്നത്. രണ്ടു പെണ്ണും രണ്ടാണും. ചത്തത് പെണ്‍ കൃഷ്ണമൃഗം. മയക്കുവെടി ഉന്നംതെറ്റിക്കൊണ്ടാണ് കൃഷ്ണമൃഗം ചത്തത്.
ഇതുസംബന്ധിച്ച് മൃഗശാലാ ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ട് ഡയറക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. മരക്കൊമ്പൊടിഞ്ഞു വീണു ചത്തതെന്നാണ് ഡോക്ടര്‍ മറുപടി നല്‍കിയത്. എന്നാല്‍, കൃഷ്ണമൃഗത്തെ ഡോക്ടര്‍ മയക്കുവെടിവെച്ചുവെന്നും ഇതിനെ തുടര്‍ന്നാണ് ചത്തതെന്നും മൃഗശാലാ സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മയക്കുവെടി വെച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ പിന്നീട് സമ്മതിച്ചു.
അതേസമയം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃഷ്ണമൃഗത്തിന്റെ ആന്തരികാവയവങ്ങള്‍ക്കു ക്ഷതം സംഭവിച്ചാണ് മരണം ഉണ്ടായതെന്നും പറയുന്നു. മൂന്നു രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത് ഡോക്ടര്‍ക്കെതിരേ എന്തു നടപടി എടുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് അധികൃതര്‍.
കൃഷ്ണമൃഗത്തെ അതീവ സംരക്ഷിത മൃഗമായി കാണണമെന്നാണ് വനം വന്യജീവി വകുപ്പിന്റെ നിര്‍ദേശം. മൃഗശാലാ അധികൃതര്‍ ഇതുപാലിച്ചിട്ടില്ല. കൂടാതെ കൃഷ്ണമൃഗത്തെ മയക്കുവെടി വെയ്ക്കുന്നതിനു മുന്‍പ് ഏതുതരം മയക്കുമരുന്നാണ് ഉപയോഗിക്കുന്നതെന്നും, അതിന്റെ അളവ്, മൃഗത്തിന്റെ തൂക്കം എന്നിവ നോക്കിയിരിക്കണമെന്നാണ് നിയമം. എന്നാല്‍, ഇവിടെ അതൊന്നു പാലിക്കപ്പെട്ടിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. മയക്കുവെടി കൃഷ്ണമൃഗത്തിന്റെ നട്ടെല്ലിലാണ് തറച്ചത്. മയക്കുമരുന്നിന്റെ അളവും കൂടുതലായിരുന്നു.
നിയമവിരുദ്ധമായി ന ടത്തിയ നടപടിയാണിതെന്ന് മൃഗക്ഷേമബോര്‍ഡ് അധികൃതരും വ്യക്തമാക്കുന്നു.
സല്‍മാന്‍ഖാനെ കുരുക്കിയത്
കൃഷ്ണമൃഗത്തെ കൊന്നകേസ്
കൃഷ്ണൃഗത്തെ കൊന്നതിന്റെ പേരില്‍ ഹിന്ദി ചലച്ചിത്ര നടന്‍ സല്‍മാന്‍ഖാന് എതിരേ കേസുണ്ടായിരുന്നു. 1998ലായിരുന്നു സംഭവം.
രാജസ്ഥാനിലെ ഉജിയാലാ ബക്കര്‍ എന്ന സ്ഥലത്ത് ഷൂട്ടിങിനെത്തിയപ്പോള്‍ വേട്ടയിറച്ചിക്കായാണ് കൃഷ്ണമൃഗത്തെ കൊന്നതെന്നായിരുന്നു കേസ്. അഞ്ചുവര്‍ഷം തടവും 25,000രൂപ പിഴയുമായിരുന്നു ശിക്ഷ. രണ്ടുദിവസത്തിനു ശേഷം ഗോധ ഫാമില്‍ വച്ചും ഒരു ചിങ്കാരമാനിനെ സല്‍മാന്‍ വേട്ടയായിരുന്നു. ഈ കേസില്‍ ഒരുവര്‍ഷം തടവാണ് വിധിച്ചത്. ഈ രണ്ടു കേസുകളിലും രാജസ്ഥാാന്‍ ഹൈക്കോടതി സല്‍മാനെ വെറുതെ വിട്ടു. എന്നാല്‍, രാജസ്ഥാന്‍ സര്‍ക്കാര്‍ സല്‍മാനെതിരേ സുപ്രിംകോടതിയെ സമീപിച്ചു.
പുള്ളിമാന്‍ ചത്തു
അധികൃതരുടെ അനാസ്ഥയില്‍ മൃഗശാലയില്‍ കഴിഞ്ഞ ദിവസം ഒരു പുള്ളിമാന്‍ ചത്തു. പെണ്‍ പുള്ളിമാനാണ് ചത്തത്. കൂട്ടിനുള്ളില്‍ മലിനജലം ഒഴുക്കാനുള്ള ഓടയില്‍ വീണതാണ് ചാകാന്‍ കാരണമായി പറയുന്നത്.
പോസ്റ്റുമോര്‍ട്ടത്തില്‍ പുള്ളിമാനിന്റെ വയറ്റില്‍ കുഞ്ഞുണ്ടായിരുന്നു. കുട്ടിയും ചത്തിട്ടുണ്ട്. അടുത്തകാലത്തായി മൃഗശാലയിലെ പുള്ളിമാനുകള്‍ക്ക് കുളമ്പുരോഗം ബാധിച്ചിട്ടുണ്ടായിരുന്നു. വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് ഇവയെ വളര്‍ത്തുന്നത്. ചത്തത് കുളമ്പുരോഗം പിടിപെട്ടാണോയെന്നു സംശയമുണ്ടെന്ന് കീപ്പര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."