ഇറാഖില്‍ സ്‌ഫോടനങ്ങള്‍: 42 മരണം
ബഗ്ദാദ്: ഇറാഖിലെ മൗസില്‍ ഐ.എസില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലെത്തി നില്‍ക്കെ വിവിധ പ്രദേശങ്ങളില്‍ ഐ.എസ് നടത്തിയ ആക്രമണങ്ങളില്‍ 42 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇറാഖിലെ എണ്ണസമ്പന്ന നഗരമായ കിര്‍ക്കുകില്‍ 12 ഐ.എസുകാര്‍ ഉള്‍പ്പെടെ 31 പേരും ബഗ്ദാദിലുണ്ടായ മൂന്നു സ്‌ഫോടനങ്ങളില്‍ 11 പേരുമാണ് കൊല്ലപ്പെട്ടത്. കിര്‍കുക്കില്‍ സര്‍ക്കാര്‍ കെട്ടിടത്തിലാണ് ചാവേര്‍ ആക്രമണം.
പവര്‍സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനമാണ് ഇവിടെ നടന്നുവന്നിരുന്നത്. ആക്രമണത്തില്‍ ആറു പൊലിസ് ഓഫിസര്‍മാരും 13 ജീവനക്കാരും കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ കിര്‍കുക്കില്‍ നിന്ന് 170 കി.മി അകലെയാണ് ഐ.എസിന്റെ നിയന്ത്രണത്തിലുള്ള മൗസില്‍. ഇറാഖിലെ പ്രധാനപ്പെട്ട രണ്ടാമത്തെ നഗരവും ഐ.എസിന്റെ കീഴിലുള്ള ഏറ്റവും വലിയ പ്രദേശവുമാണ് മൗസില്‍. തിങ്കളാഴ്ച മുതല്‍ മൗസിലിന്റെ പ്രാന്തപ്രദേശങ്ങള്‍ ഐ.എസില്‍ നിന്ന് ഇറാഖ് സഖ്യസേന മോചിപ്പിച്ചുവരികയാണ്. മൗസിലില്‍ ഇന്നലെ 65 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയും 15 ഐ.എസുകാരെ കൊലപ്പെടുത്തുകയും ചെയ്തു.
ഇതിനുള്ള തിരിച്ചടിയാണ് ഇന്നലത്തെ ആക്രമണങ്ങള്‍. കിര്‍കുക്കിലെ കെട്ടിടത്തില്‍ നാലു ഐ.എസ് ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കിര്‍ക്കുകില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായും 16 ചാവേറുകള്‍ കൊല്ലപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇവിടെ തീവ്രവാദികള്‍ തെരുവിലിറങ്ങിയാണ് ആക്രമണം നടത്തിയത്. കിര്‍ക്കുകില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും പള്ളികള്‍ ഉള്‍പ്പെടെ അടച്ചിട്ടിരിക്കയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കിര്‍കുക്കിലെ സിറ്റി ഹാളും സെന്‍ട്രല്‍ ഹോട്ടലും പിടിച്ചെടുത്തതായി ഐ.എസ് അറിയിച്ചെങ്കിലും സൈന്യം തള്ളി. കിര്‍കുക്കില്‍ കൊല്ലപ്പെട്ട ജീവനക്കാരില്‍ അഞ്ചു പേര്‍ ഇറാനികളാണെന്ന് ഇറാഖ് വൈദ്യുതി മന്ത്രി പറഞ്ഞു.
ബഗ്ദാദില്‍ മൂന്നു ബോംബാക്രമണങ്ങളിലാണ് ഏഴുപേര്‍ കൊല്ലപ്പെട്ടത്. തെക്കന്‍ ബഗ്ദാദിലെ അറബ് എജ്ബുര്‍ ഗ്രാമത്തില്‍ സൈനിക വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടു സൈനികരുള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. സബാ അല്‍ ബോര്‍ മേഖലയിലെ മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.
എന്‍ നഹ്‌റാന്‍ ജില്ലയിലുണ്ടായ മൂന്നാമത്തെ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."