ഒടുവില്‍ ഗോവയും ജയിച്ചു
മുംബൈ: മൂന്നു തോല്‍വികളും ഒരു സമനിലയും കടന്ന് അഞ്ചാം പോരാട്ടത്തില്‍ എഫ്.സി ഗോവ അവരുടെ ആദ്യ വിജയം സ്വന്തമാക്കി. മുംബൈ സിറ്റി എഫ്.സിയുടെ അവരുടെ തട്ടകത്തില്‍ പോയി കീഴടക്കിയാണ് സീക്കോയുടെ ഗോവന്‍ പട ഐ.എസ്.എല്‍ മൂന്നാം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ബ്രസീല്‍ താരം റിച്ചാര്‍ലിസനാണ് ഗോവയ്ക്കു ജയമുറപ്പിച്ച ഗോളിന് അവകാശിയായത്. വിജയിച്ചിരുന്നെങ്കില്‍ മുംബൈയ്ക്ക് നോര്‍ത്ത്ഈസ്റ്റിനെ പിന്തള്ളി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താമായിരുന്നു.
മാര്‍ക്വീ താരാമായ ഡീഗോ ഫോര്ലാന് മുംബൈ നിരയില്‍ തിരിച്ചെത്തിയ പോരാട്ടത്തിലാണ് അവര്‍ക്ക് തോല്‍വി പിണഞ്ഞത്. മുംബൈ 4-3-3 എന്ന ശൈലി സ്വീകരിച്ചപ്പോള്‍ ഗോവ 3-4-2-1 ശൈലിയിലാണ് കളത്തിലിറങ്ങിയത്.
കളിയുടെ 41ാം മിനുട്ടിലാണ് ഗോവ കാത്തിരുന്ന ഗോളിന്റെ പിറവി. ഫ്രീ കിക്കില്‍നിന്നായിരുന്നു ഗോവന്‍ ഗോള്‍. ബോക്സിന്റെ വലതു പാര്‍ശ്വത്തില്‍ നിന്നു ഫ്രീ കിക്കെടുത്ത ജൂലിയോ സെസാര്‍ പന്ത് ബോക്സിനു പുറത്ത് മധ്യ ഭാഗത്തേക്ക് ഉയര്‍ത്തി നല്കി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റിച്ചാര്ലിസന് ഓടിയെത്തി ഹാഫ്–വോളിയിലൂടെ പന്ത് പോസ്റ്റിലേക്ക് വഴി തിരിച്ചുവിട്ടു. ക്രോസ് ബാറില്‍ ഇടിച്ച പന്ത് നേരെ പോസ്റ്റിലേക്ക് കടക്കുമ്പോള്‍ മുംബൈ ഗോള്‍ കീപ്പര്‍ റോബര്‍ട്ടോ തിഗ്രാവോ പന്തിന്റെ ദിശയറിയാതെ കുഴങ്ങിയതോടെ മുംബൈ ഗോള്‍ വഴങ്ങി.
കളിയുടെ അവസാന നിമിഷങ്ങളില്‍ ലഭിച്ച ഫ്രീ കിക്കുകള്‍ ഗോളാക്കാനുള്ള മുംബൈ ശ്രമങ്ങള്‍ വിജയിച്ചില്ല.
രണ്ടു ജയവും രണ്ടു സമനിലയും രണ്ടു തോല്‍വിയുമായി മുംബൈ രണ്ടാം സ്ഥാനത്തും ഒരു സമനിലയും ഒരു ജയവുമായി നാലു പോയിന്റ് നേടി ഗോവ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തും തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."