സര്‍ക്കാരും കൈയൊഴിയുന്നു; ആശങ്കയൊഴിയാതെ മലാപ്പറമ്പ് സ്‌കൂള്‍
കോഴിക്കോട്: പിന്നാമ്പുറത്തെ കുറ്റിക്കാട്ടില്‍ നിന്ന് ക്ലാസ് റൂമിലേക്ക് ഇഴഞ്ഞുവന്ന ചേരയെക്കണ്ട് പേടിച്ചരണ്ട കുട്ടികള്‍ ഓടിച്ചെന്ന് ടീച്ചറെ കെട്ടിപ്പിടിച്ച് നിലവിളിച്ചു. ഇടറിയ ശബ്ദത്തോടെ അവര്‍ ഇന്ദിര ടീച്ചറോട് ചോദിച്ചു. ''ടീച്ചറേ... ഞങ്ങള്‍ക്കിവിടെ പഠിക്കണ്ട. പേടിയാകുന്നു. പാമ്പ് ഞങ്ങളെ കടിക്കും. ഞങ്ങള്‍ക്ക് പഴയ സ്‌കൂളില്‍ പോണം ടീച്ചറേ''. ഭീതിയാര്‍ന്ന കണ്ണുകളുമായി തന്റെ ചുറ്റിലും നിന്ന കുട്ടികളെ ആശ്വസിപ്പിക്കാന്‍ ഇന്ദിര ടീച്ചറുടെ കൈയില്‍ വാക്കുകളില്ലായിരുന്നു. ആശങ്കളും അങ്കലാപ്പുകളും വീണ്ടുമുയര്‍ന്നപ്പോള്‍ അവരെ സമാധാനിപ്പിക്കാനായി ടീച്ചര്‍ പറഞ്ഞു: ''നമുക്ക് അടുത്തയാഴ്ച പഴയ സ്‌കൂളിലേക്ക് പോകാം ട്ടോ....''
പക്ഷേ മലാപ്പറമ്പിലെ പഴയ സ്‌കൂളിലേക്ക് ഇനി തിരിച്ചുപോകാനാകുമെന്നോ ഈ കുരുന്നുകളുടെ പഠനം തുടരാനാകുമെന്നോ ഇന്ദിര ടീച്ചര്‍ക്കോ കൂടെയുള്ള മറ്റ് അധ്യാപകര്‍ക്കോ യാതൊരു നിശ്ചയവുമില്ല.
പാഠഭാഗങ്ങളേക്കാളേറെ കുട്ടികളുടെ ചോദ്യം പഴയ സ്‌കൂളിലേക്കു പോകുന്നതിനെ കുറിച്ചാണ്. സ്വന്തം വീട് നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ കുരുന്നുകളിപ്പോള്‍. അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടുന്നതിനേക്കാള്‍ ഇവര്‍ക്ക് സങ്കടം പഴയ സ്‌കൂളും കളിസ്ഥലവുമെല്ലാം നഷ്ടപ്പെട്ടതിനാലാണ്. ഇരുന്ന് എഴുതാന്‍ ഡസ്‌കോ, ഭക്ഷണം കഴിക്കാന്‍ സ്വസ്ഥമായൊരിടമോ ഒന്നും ഇപ്പോള്‍ കുട്ടികള്‍ക്ക് ലഭ്യമല്ല. സിവില്‍ സ്റ്റേഷനിലെ എന്‍ജിനീയേഴ്‌സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌കൂള്‍ കെട്ടിടത്തില്‍ വെറും കസേരയിലിരുന്നാണ് ഇവര്‍ എഴുതുന്നതും പഠിക്കുന്നതും. കുനിഞ്ഞിരുന്ന് എഴുതി പലര്‍ക്കും ഇതിനകം നടുവേദനയും വന്നുകഴിഞ്ഞു.
ആയിരക്കണക്കിനാളുകള്‍ എത്തുന്ന പൊതുടോയ്‌ലറ്റാണ് ഈ കുരുന്നുകളും ഉപയോഗിക്കുന്നത്. പലര്‍ക്കും ഇന്‍ഫെക്ഷനും കൂട്ടിനെത്തിത്തുടങ്ങിയിട്ടുണ്ട്. സിവില്‍ സ്റ്റേഷനിലെ സ്‌മൈല്‍ സെന്ററില്‍നിന്നാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണം പാചകം ചെയ്തു കൊണ്ടുവരുന്നത്. ഈ ഇനത്തില്‍ ദിവസേന 50 രൂപ അധ്യാപകരുടെ കൈയില്‍ നിന്നും മുടക്കേണ്ട സ്ഥിതിയാണ്.
അധ്യാപകര്‍ക്കു പഠിപ്പിക്കാനുള്ള പല പുസ്തകങ്ങളും മലാപ്പറമ്പ് സ്‌കൂളിലെ ഓഫിസ് മുറിയില്‍ കിടക്കുകയാണ്. കഴിഞ്ഞ ദിവസം മേശയെടുക്കാന്‍ പോയ അധ്യാപകര്‍ ഉടന്‍ അങ്ങോട്ട് മാറാമെന്ന കലക്ടറുടെ ഉറപ്പിന്മേല്‍ മേശയെടുക്കാതെ തിരിച്ചുപോന്നു. എന്നു വേണമെങ്കിലും എന്‍ജിനിയേഴ്‌സ് ഹാളില്‍ നിന്ന് ഇവരെ ഇറക്കിവിടാം. ചിലപ്പോള്‍ സ്‌കൂള്‍ അടച്ചുപൂട്ടിയേക്കാം. ഒരു സ്‌കൂളിലും അഡ്മിഷന്‍ കിട്ടാത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അക്ഷരം കൈയെത്താ ദൂരത്താകും. കുട്ടികളുടെ ഭാവിയിലുള്ള ആശങ്ക അധ്യാപകരുടെ മുഖത്തും പ്രകടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."