ഗോത്രസാരഥി പദ്ധതി; സ്‌കൂളിനെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്
മാനന്തവാടി: 2013-14 വര്‍ഷത്തില്‍ ഗോത്ര സാരഥി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് എടത്തന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പി.ടി.എ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി നടത്തിപ്പിനായി ടി.ഡി.ഒയില്‍ നിന്നും ലഭിച്ച സര്‍ക്കുലര്‍ പ്രകാരം ജനപ്രതിനിധികളും എസ്ടി പ്രമോട്ടര്‍മാരും ബന്ധപ്പെട്ട മറ്റുള്ളവരും ചേര്‍ന്ന് പദ്ധതി നടത്തിപ്പ് കമ്മിറ്റി രൂപീകരിക്കുകയും വാഹന ക്വട്ടേഷന്‍ വിളിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. അതു പ്രകാരം 2013 ജൂണില്‍ അഞ്ച് ക്വട്ടേഷനുകളും ഓഗസ്റ്റില്‍ രണ്ടു ക്വട്ടേഷനുകളും ലഭിച്ചു. ഏഴു ജീപ്പുകള്‍ ഉപയോഗിച്ച് എട്ടു കോളനികളില്‍ നിന്ന് 96 കുട്ടികള്‍ക്ക് യാത്ര സൗകര്യം ഒരുക്കിയിരുന്നു. വാഹനങ്ങളുടെ വിശദാംശങ്ങളും മറ്റ് ആവശ്യരേഖകളും ടി.ഡി.ഒക്ക് യഥാസമയം നല്‍കുകയും ചെയ്തു. എന്നാല്‍ 2014 മെയ്യില്‍ ടി.ഡി.ഒക്ക് നല്‍കിയ പദ്ധതി പൂര്‍ത്തീകരണ റിപ്പോര്‍ട്ടില്‍ രണ്ടാമത്തെ വാഹന നമ്പര്‍ ആയ കെ എല്‍ 12 6075 എന്നതിന്റ സ്ഥാനത്ത് 6078 എന്ന തെറ്റ് സംഭവിച്ചു. ഈ നമ്പര്‍ ഒരു ട്രാക്ടറിന്റെ നമ്പര്‍ ആയി പോയി. പദ്ധതി ജില്ലയില്‍ തന്നെ ആദ്യമായി നടപ്പിലാക്കിയതും ഇപ്പോഴും ഏറ്റവും മാതൃകാപരമായി തുടര്‍ന്ന് പോകുന്നതും ഈ സ്‌കൂളിലാണെന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഈ കൈപ്പിഴ പൊതുജനം തിരിച്ചറിയണമെന്നും സ്‌കൂളിന്റെ സല്‍പേര് വീണ്ടെടുക്കാന്‍ സഹകരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വി.ആര്‍ വിനോദ്, പി.എ സുരേഷ്, ചന്തു എടത്തന, വി.കെ രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."