പുതിയ റേഷന്‍ കാര്‍ഡ് കരട്പട്ടികയില്‍ അപാകതകളെന്ന് പരാതി
മാനന്തവാടി: ഭക്ഷ്യ സുരക്ഷാനിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍കാര്‍ഡ് പുതുക്കി നല്‍കുന്നതിന് പ്രസിദ്ധീകരിച്ച ജില്ലയിലെ റേഷന്‍ കാര്‍ഡുടമകളുടെ കരട് പട്ടികയില്‍ വ്യാപക ക്രമക്കേടുകളെന്ന് പരാതി. വ്യാഴാഴ്ചയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ഇന്നലെ മാത്രം മാന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നൂറുകണക്കിന് പരാതികളാണ് ലഭിച്ചത്. എന്നാല്‍ വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസില്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.വി സെയ്തലവി അറിയിച്ചു. പട്ടിക സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് നിരവധിയാളുകള്‍ എത്തിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു. പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യാനുള്ള പ്രക്രിയ രണ്ട് വര്‍ഷത്തിലധികമായി ഇഴഞ്ഞു നീങ്ങുന്നതിനിടെ പുതിയ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലാണ് അപാകതകള്‍ കയറിക്കൂടിയത്. ഈമാസം 30 വരെയാണ് പരാതികള്‍ നല്‍കാനുള്ള സമയ പരിധി. ഒറ്റ ദിവസം കൊണ്ടുമാത്രം ഇരുന്നൂറോളം പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പരാതികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവിനും സാധ്യതയുണ്ട്.
സിവില്‍ സപ്ലൈസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, റേഷന്‍ കടകള്‍, പഞ്ചായത്ത് ഓഫിസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് കരട് പട്ടിക പരിശോധനക്ക് ലഭിക്കുക. എന്നാല്‍ ഇവിടങ്ങളില്‍ പരിശോധന നടത്താതെ കാര്‍ഡുടമകള്‍ അന്വേഷണത്തിന് നേരിട്ട് സപ്ലൈ ഓഫിസിലെത്തുന്നത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇത്തരത്തില്‍ നിരവധി പേരാണ് ഇന്നലെ താലൂക്ക് സപ്ലൈ ഓഫിസുകളിലെത്തിയത്. രണ്ടു തരത്തിലുള്ള റേഷന്‍ കാര്‍ഡുകളാണ് ഇനി മുതല്‍ ഉണ്ടാവുക. മുന്‍ഗണന ഉള്ളതും മുന്‍ഗണന രഹിതവും. 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുള്ളവരും വാഹനമുള്ളവരും സര്‍ക്കാര്‍ ജോലിക്കാരും മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോള്‍ നിലവില്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നവര്‍ മുന്‍ഗണന രഹിത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ബി.പി.എല്‍ കാര്‍ഡ് ഉള്ളവരില്‍ പകുതിയിലേറെ പേരും മുന്‍ഗണന രഹിത ലിസ്റ്റില്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈമാസം 30 വരെയാണ് പരാതി നല്‍കാനുള്ള സമയ പരിധി. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍, ടി.ഇ.ഒ, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്ന സമിതി പരാതികള്‍ പരിശോധിക്കും. ഈ നടപടി നവംബര്‍ 15നകം പൂര്‍ത്തീകരിക്കും. ഇതിന്‍മേലുള്ള അപ്പീല്‍ ഡിസംബര്‍ രണ്ടുവരെ പരിഗണിക്കും. ഡിസംബര്‍ 15ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഡിസംബര്‍ 31 നകം തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരം നേടി 2017 ജനുവരി ഒന്നിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാണ് തീരുമാനം. 2017 ഫെബ്രുവരി ഒന്നിന് കാര്‍ഡ് വിതരണം ആരംഭിക്കാനും 2017 മാര്‍ച്ച് 31നകം കംപ്യൂട്ടറൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുമുള്ള സമയ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെറ്റുകള്‍ തിരുത്തിയുള്ള സുതാര്യമായ റേഷന്‍ കാര്‍ഡുകള്‍ ഈ ചുരുങ്ങിയ കാലയളവില്‍ വിതരണം ചെയ്യാനാകുമോ എന്നത് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശങ്കക്കിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."