അകാലത്തില്‍ പൊലിഞ്ഞ മകന്റെ ഓര്‍മയ്ക്കായി കൂട്ടുകാര്‍ രൂപീകരിച്ച ട്രസ്റ്റിന് ജീവന് പകര്‍ന്നു മാതാവ്
തിരൂര്‍: മകന്റെ ഓര്‍മക്കായി കൂട്ടുകാര്‍ ചേര്‍ന്നു രൂപം നല്കിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മാതാവു തുടക്കമിട്ടു. ഓഫിസ് ഉദ്ഘാടനവും ആദ്യ ഫണ്ട് സ്വീകരിക്കലും മാതാവു തന്നെ നിര്‍വഹിച്ചു. താനൂര്‍ മൂലക്കലിലാണു നാട്ടുകാരുടെ സാന്നിധ്യത്തില്‍ ചടങ്ങ് നടന്നത്. അകാലത്തില്‍ പൊലിഞ്ഞ താനൂര്‍ മൂലക്കല് സ്വദേശി ഉമേഷിന്റെ ഓര്മക്കായാണു കൂട്ടുകാര്‍ ചേര്‍ന്നു ചാരിറ്റബിര്‍ ട്രസ്റ്റ് രൂപീകരിച്ചത്. പ്രദേശത്തെ സാമൂഹ്യ സേവന രംഗത്തും മറ്റും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഉമേഷിന്റെ വേര്‍പാടു വലിയ നഷ്ടമായിരുന്നു.
മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ട്രസ്റ്റിന്റെ ഓഫിസ് ഉദ്ഘാടനം ഉമേഷിന്റെ മാതാവ് കല്യാണി തന്നെ നിര്‍വഹിക്കുകയായിരുന്നു. ട്രസ്റ്റിലേക്കുള്ള ആദ്യ ഫണ്ട് മുസ്ലിം ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍.മുത്തുകോയ തങ്ങളില്‍ നിന്നും ഉമേഷിന്റെ മാതാവു കല്യാണിയും സഹോദരന് ശ്രീജിത്തും ചേര്‍ന്നു സ്വീകരിച്ചു. ഓര്‍മകളുടെ പിന്നാമ്പുറങ്ങളില്‍ നിന്നു മകനെക്കുറിച്ചുള്ള സ്മരണകള്‍ അമ്മയുടെ വാക്കുകളെ നിശബ്ദമാക്കി.
മൂലക്കല് അങ്ങാടിയില്‍ നടന്ന പരിപാടിയില്‍ വി.പി.ഒ.അസ്കര്‍ അധ്യക്ഷനായി. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എം.ബാപ്പു ഹാജി, താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.മല്ലിക ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധ മാമ്പറ്റ , പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാലാട്ട്, ഇ.സുജ, സി.പി.എം. താനൂര്‍ എരിയ സെക്രട്ടറി ഇ.ജയന്, കെ.പുരുഷോത്തമന്, പി.വി.ഷണ്മുഖന്, ഒ.രാജന്, ഹരിദാസന് സംസാരിച്ചു. സൗജന്യ മരുന്നു വിതരണം, ആബുലന്‍സ് സര്‍വിസ്, ഓപ്പറേഷന് ചികിത്സാ സഹായം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, പഠനസാമഗ്രികളുടെ വിതരണം, മെഡിക്കല്‍ സര്‍വിസുകള്‍ എന്നിവയാണു ട്രസ്റ്റിന്റെ പ്രധാന പ്രവര്‍ത്തന ലക്ഷ്യങ്ങളെന്ന് ഉമേഷിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."