എസ്.ഐയെ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണം ഊര്‍ജിതമാക്കി
കാര്‍ തിരുവനന്തപുരം സ്വദേശിയുടേത്; ക്വട്ടേഷന്‍ സംഘമെന്ന് സൂചന
തെക്കന്‍ ജില്ലകളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും അന്വേഷണം
പള്ളിക്കല്‍: സിനിമാ സ്റ്റൈലില്‍ എസ്.ഐയെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. തെക്കന്‍ജില്ലകളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് കോഹിനൂറില്‍ ബുധനാഴ്ച രാത്രി പത്തോടെ വാഹനം പരിശോധിക്കുന്നതിനിടെയാണു സംഭവം. തേഞ്ഞിപ്പലം എസ്.ഐ എം.അഭിലാഷ് കെ.എല്‍.01 ബി.ജി 4343 കാറിന്റെ ഉള്‍ഭാഗം പരിശോധിക്കുന്നതിനിടെ പിന്‍സീറ്റിലുണ്ടായിരുന്ന ബാഗില്‍ സൂക്ഷിച്ച ആയുധങ്ങള്‍ എസ്.ഐ കണ്ടെന്നു മനസിലാക്കിയ സംഘം എസ്.ഐയെ കീഴ്പ്പെടുത്തി വാഹനവുമായി കടന്നു കളയുകയായിരുന്നു.
എസ്.ഐയെയും കൊണ്ട് കോഹിനൂറില്‍ നിന്നും അമിത വേഗതയില്‍ ഓടിച്ചു പോയ ടൊയോട്ടാ എതിയോസ് കാറിന്റെ പിന്നാലെ അതിസാഹസികമായാണു പൊലിസ് ജീപ്പ് കുതിച്ചെത്തിയത്. പൊലിസ് തൊട്ടു പുറകില്‍ എത്തിയതോടെ രക്ഷപ്പെടാനായി ദേശീയ പാതയില്‍ നിന്നും പഞ്ചായത്ത് റോഡിലേക്കു കാര്‍ തിരിച്ചു വിട്ടു രണ്ടംഗ സംഘം കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ആയുധ ധാരികളായ അക്രമികള്‍ക്കൊപ്പം രണ്ടു കിലോമീറ്റര്‍ ദൂരം മുള്‍മുനയില്‍ നിന്ന എസ്.ഐക്കു കാറിന്റെ തൊട്ടു പുറകെ സൈറന്‍ മുഴക്കി വരുന്ന പൊലിസ് ജീപ്പാണ് ആശ്വാസം പകര്‍ന്നത്. കാറില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. പ്രതികളെ പിടികൂടാനായി ഡി.വൈ.എസ്.പി പി.എം പ്രദീപ് കുമാര്‍, തിരൂരങ്ങാടി സി.ഐ ബാബുരാജ്, എസ്. ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ ജില്ലകളിലായി അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം ബാലരാമപുരം സ്വദേശി വെടിവെച്ചാന്‍ കോവില്‍ ബാബുരാജിന്റെതാണു പിടിയിലായ കാര്‍. പ്രതികള്‍ കാര്‍ വാടകക്കെടുത്തതാണെന്നാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലിസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘമാണെന്ന സംശയത്താലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."