നഗരത്തിലെ ഇ ടോയ്‌ലറ്റുകള്‍ നോക്കുകുത്തി
കണ്ണൂര്‍: നഗരത്തിലെ ഇ ടോയ്‌ലറ്റുകളും ഷീ ടോയ്‌ലറ്റുകളും നോക്കുകുത്തികളാകുന്നു. പ്രവര്‍ത്തനത്തെകുറിച്ച് ജനങ്ങള്‍ക്ക് വേണ്ടത്ര ധാരണ ഇല്ലാത്തതാണു കാരണം. ഇ ടോയ്‌ലറ്റുകളില്‍ ഉപയോഗിക്കുന്ന രീതി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇതു വായിച്ചുമനസിലാക്കാന്‍ ആളുകള്‍ തയാറാകുന്നില്ല. ഇതിന്റെ സുരക്ഷിതത്വത്തെ പറ്റി ജനങ്ങള്‍ക്കുള്ള ആശങ്കയും ഇ-ടോയ്‌ലറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നു.
നഗരത്തില്‍ എത്തുന്നവര്‍ക്ക് വൃത്തിയും ശുചിത്വവുമുള്ള ടോയ്‌ലറ്റ് നല്‍കാനാണ് പദ്ധതി കൊണ്ടുവന്നത്. സ്ത്രീകളാണ് നഗരത്തില്‍ ഏറെ പ്രയാസം നേരിടുന്നത്. പലരും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കലക്ടറേറ്റിനു മുന്നിലും ജില്ലാപഞ്ചായത്തിനുമുന്നിലും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്തിലെ ഷീ ടോയ്‌ലറ്റാണെങ്കില്‍ ആര്‍ക്കും എളുപ്പം കണ്ടുപിടിക്കാന്‍ പറ്റാത്ത സ്ഥലത്താണു സ്ഥാപിച്ചിരിക്കുന്നത്. കലക്ടറേറ്റിനു മുന്നില്‍ ടോയ്‌ലറ്റ് ഉണ്ടെങ്കിലും രാത്രി സമയം പലരും ഇതുപയോഗിക്കാതെ അരികിലായി കാര്യം സാധിക്കും. അകത്തുകയറിയാല്‍ പുറത്തിറങ്ങാന്‍ കഴിയുമോ എന്ന പേടിയും ഇ ടോയ്‌ലറ്റില്‍ നിന്നു ജനങ്ങളെ പിന്തിരിപ്പിക്കുന്നു. മൂന്നുലക്ഷത്തോളം രൂപ ചിലവിട്ടാണ് കോര്‍പറേഷനും വനിതാ വികസന കോര്‍പറേഷനും നഗരത്തില്‍ ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."