നീലേശ്വരത്ത് ചലച്ചിത്ര വികസന കോര്‍പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സ് സ്ഥാപിക്കും
നീലേശ്വരം: റിലീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നീലേശ്വരത്തു ചലച്ചിത്ര വികസന കോര്‍പറേഷന്റെ തിയറ്റര്‍ കോംപ്ലക്‌സ് വരുന്നു. ഇതിന്റെ ഭാഗമായി കോര്‍പറേഷന്‍ ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ ലെനിന്‍ രാജേന്ദ്രന്‍, മാനേജിങ് ഡയരക്ടര്‍ ദീപ ഡി നായര്‍ എന്നിവരടങ്ങുന്ന സംഘം നീലേശ്വരത്തെത്തി. നിലവില്‍ കോട്ടപ്പുറത്തെ സ്ഥലമാണു ഇവര്‍ ഉചിതമെന്നു വിലയിരുത്തിയിട്ടുള്ളത്.
രണ്ടു തിയറ്ററുകളും വിദ്യാര്‍ഥികള്‍ക്കു പഠനാവശ്യത്തിനുള്ള ഡോക്യുമെന്ററികളും മറ്റും പ്രദര്‍ശിപ്പിക്കാനുള്ള ഹോം തിയറ്ററും അടങ്ങിയ കോംപ്ലക്‌സിനു നാലരക്കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷത്തിനകം പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയും വിധം സര്‍ക്കാര്‍ ഏജന്‍സിക്കു തന്നെയായിരിക്കും നിര്‍മാണ ചുമതല നല്‍കുക.
നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ പി.പി മുഹമ്മദ്‌റാഫി, പി രാധ, കൗണ്‍സലര്‍മാരായ പി ഭാര്‍ഗവി, പി.കെ രതീഷ്, പി മനോഹരന്‍, കെ.വി സുധാകരന്‍ തുടങ്ങിയവരടങ്ങുന്ന സംഘം ഇവരുമായി ചര്‍ച്ചയും നടത്തി.
അടുത്ത നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതിനു ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നു നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. കാഞ്ഞങ്ങാടും തിയറ്റര്‍ സ്ഥാപിക്കുന്നുണ്ട്. പ്രസ്തുത സ്ഥലവും സംഘം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."