മേലത്ത്: കവി പിയെയും പിറന്ന മണ്ണിനെയും സ്‌നേഹിച്ച സാഹിത്യകാരന്‍
രാജപുരം: പള്ളിക്കര പാക്കം കണ്ണംവയലില്‍ ജനിച്ച പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ മലയാള സാഹിത്യത്തിലെ ഉയര്‍ന്ന തലത്തിലെത്തിയപ്പോഴും പിറന്ന മണ്ണിനെ എന്നും മാറോടണച്ചിരുന്നു. കാസര്‍കോടും കാഞ്ഞങ്ങാടും നടന്നിരുന്ന ഏതൊരു സാഹിത്യ പരിപാടിയിലും മേലത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. വടക്കന്‍ കേരളത്തില്‍ നിന്നു മലയാള സാഹിത്യത്തിലെ മഹാകവി പട്ടത്തിലേക്കെത്തിയ പി കുഞ്ഞിരാമന്‍ എന്ന പിയുടെ കടുത്ത ആരാധകനായിരുന്ന മേലത്ത് ചെറുപ്പം തൊട്ടേ പിയോടുള്ള സ്‌നേഹം കലര്‍ന്ന ആരാധന മനസില്‍ സൂക്ഷിച്ചിരുന്നു.
കാസര്‍കോട് ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ഥിയായിരിക്കെ കുഞ്ഞിരാമന്‍നായരെ സാഹിത്യവേദി ഉദ്ഘാടനത്തിനു ക്ഷണിച്ചു മണിക്കൂറുകളോളം കാത്തിരുന്ന സംഭവം മേലത്ത് മാഷ് പല സദസ്സിലും പറയാറുണ്ടായിരുന്നു. കവിയുടെ സൗകര്യം നോക്കി ക്ലാസില്ലാത്ത ശനിയാഴ്ചയാണ് സാഹിത്യ പരിപാടി തീരുമാനിച്ചത്. സമയമായിട്ടും കവി എത്തിയില്ല. സമയം വൈകിക്കൊണ്ടിരുന്നു. അന്തരിച്ച പ്രശസ്ത നിരൂപകന്‍ സി.പി ശ്രീധരന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതിനിടെ കവി പ്രത്യക്ഷപ്പെട്ടു. മേലത്ത് മാഷിനു ആശ്വാസമായെങ്കിലും അപ്പോഴാണു ക്ഷൗരം ചെയ്യാതെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു കവി പറഞ്ഞത്. ഉടന്‍ കാസര്‍കോട് ടൗണിലേക്കു പോകണമെന്നു പറഞ്ഞു. എതിര്‍ത്താല്‍ കവി ക്ഷോഭിക്കും. പിന്നീട് ഉജ്ജ്വല പ്രസംഗം നടത്തി കുട്ടികളെയും അധ്യാപകരെയും കൈയിലെടുത്തപ്പോഴാണ് മേലത്ത് മാഷിനു ശ്വാസം നേരെ വീണത്.
സാഹിത്യത്തെ അത്ര കണ്ടു സ്‌നേഹിച്ച മേലത്തായിരിക്കും ഒരു പക്ഷെ മഹാകവി പി കുഞ്ഞിരാമന്‍നായരുടെ കവിതകളെക്കുറിച്ച് ഏറ്റവും വലിയ പുസ്തകമെഴുതിയതെന്നു സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് ഓര്‍ക്കുന്നു. കവിക്കൊപ്പം ഇത്ര ഗഹനമായി യാത്ര ചെയ്ത വേറെ സാഹിത്യകാരനുണ്ടാകില്ല.
'കുഞ്ഞിരാമന്‍നായരുടെ കവിതകള്‍' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം മലയാള സാഹിത്യത്തിന് എന്നുമൊരു മുതല്‍ക്കൂട്ടാണ്. ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയും കവിതകളെ പതിവായി ആഖ്യാനം ചെയ്തിരുന്ന മേലത്ത് പിന്നീട് കുഞ്ഞിരാമന്‍നായരുടെ കവിതകളുടെ സൗന്ദര്യം തേടിയുള്ള യാത്രയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."