ഗുണനിലവാര പരിശോധന: കേന്ദ്ര സര്‍വകലാശാലയില്‍ നാക് സംഘം പരിശോധന നടത്തും
കാസര്‍കോട്: ഗുണനിലവാരം പരിശോധിച്ച് ഗ്രേഡ് നല്‍കുന്നതിന്റെ ഭാഗമായി നാഷണല്‍ അക്രിഡിറ്റേഷന്‍ ആന്റ് അസസ്‌മെന്റ് കൗണ്‍സില്‍ (നാക്) സംഘം കേന്ദ്ര സര്‍വകലാശാല സന്ദര്‍ശിക്കും. 24 മുതല്‍ 27 വരെ സംഘം കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ പരിശോധനകളും മുഖാമുഖവും നടത്തും. സര്‍വകലാശാല ആസ്ഥാനമായ പെരിയ കാംപസ്, ഭാഷാ വിഭാഗവും എജ്യുക്കേഷനും ഉള്‍പ്പെടുന്ന വിദ്യാനഗര്‍ കാംപസ്, സയന്‍സ് വിഷയങ്ങള്‍ക്കുള്ള പടന്നക്കാട് റിവൈര്‍ സൈഡ് കാംപസ്, പബ്ലിക് ഹെല്‍ത്ത് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ സെന്ററായ കുണിയ കാംപസ്, നിയമവിഭാഗം പ്രവര്‍ത്തിക്കുന്ന തിരുവല്ല കാംപസ്, തിരുവനന്തപുരത്തുള്ള അന്താരാഷ്ട്ര പഠന സെന്റര്‍ എന്നിവിടങ്ങളില്‍ നാക് സംഘം സന്ദര്‍ശിക്കും. നാക് സംഘത്തിന്റെ പരിശോധനയുടെ ഭാഗയമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സര്‍വകലാശാല അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പഞ്ചാബ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജയരൂപ് സിങ് ചെയര്‍മാനായ നാക് സംഘത്തില്‍ ലക്‌നൗ സര്‍വകലാശാല പ്രൊഫസര്‍ എസ്.ബി നിംസേ, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് പ്രൊഫസര്‍ ഡോ. എന്‍ ജയറാം, ബെര്‍ഹാംപൂര്‍ സര്‍വകലാശാല പൊളിറ്റിക്‌സ് പ്രൊഫസര്‍ ഡോ.ജുഗല്‍, കിഷോര്‍ മിശ്ര, ലക്ഷ്മി ദേവമ്മ ശ്യാം ഭട്ട്, ഹൈദരബാദ് ഇഫ്‌ളുവിലെ എജ്യുക്കേഷന്‍ വിഭാഗം പ്രൊഫസര്‍ ഡോ. സുധാകര്‍ വേണുകപ്പള്ളി എന്നിവരാണുള്ളത്.
സര്‍വകലാശാല സ്ഥാപിക്കപ്പെട്ട 2009 മുതല്‍ 2015 വരെയുള്ള കാലയളവിലെ ഗുണനിലവാര പരിശോധനയാണുനാക് സംഘം നടത്തുക. അക്കാദമിയുടെ സൗകര്യവും ഭൗതിക സാഹചര്യവും നാക് സംഘം പരിശോധനക്കു വിധേയമാക്കും. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ജി ഗോപകുമാര്‍ നാക് സംഘത്തിനു മുന്നില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രജിസ്ട്രാര്‍, പരീക്ഷാ വിഭാഗം, സാമ്പത്തിക വിഭാഗം, വിവിധ സ്‌കൂളിലെ ഡീനുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നാക് സംഘം സംവദിക്കും. ആയിരത്തില്‍ കൂടുതല്‍ വരുന്ന വിദ്യാര്‍ഥികളുടെ പ്രതിനിധികളുമായി നാക് സംഘം സംസാരിക്കും. നാലു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം സംഘം മടങ്ങും.
രണ്ടു മാസത്തിനു ശേഷം നാക് അംഗീകാരം സംബന്ധിച്ച വിവരം സര്‍വകലാശാലക്കു ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര സര്‍വകലാശാല സാമ്പത്തിക ഓഫീസര്‍ ഡോ.ബി.ആര്‍ പ്രസന്ന കുമാര്‍, ഐ.ക്യൂ.എ.സി ഡയരക്ടര്‍ ഡോ.മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ കെ.പി സുരേഷ്, ഡോ.പത്മേഷ് പിള്ള, ഡോ. ഇഫ്തിഖാര്‍ മുഹമ്മദ്, ഡോ.വനിത എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."