മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ അവലോകനം ചെയ്തു ഫിഷറിസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് മന്ത്രി
കാസര്‍കോട്: കീഴൂരില്‍ സ്ഥാപിക്കുന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പെടെയുള്ള ഫിഷറിസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാക്കി ജനുവരിയില്‍ ഉദ്ഘാടനം നടത്തണമെന്നു ഫിഷറിസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
ജില്ലയിലെ മത്സ്യമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റസ്റ്റ്ഹൗസില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണു നിര്‍ദേശം നല്‍കിയത്.
ഭൂരഹിതരായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി ഭൂമിയും വീടും നല്‍കാനും യോഗത്തില്‍ തീരുമാനമായി. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്തു തീരദേശത്തുനിന്ന് 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം അഞ്ചു മാസത്തിനകം നടത്തും.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ അര്‍ഹതയില്ലാത്തവര്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ അതു കണ്ടെത്തി നടപടിയെടുക്കും. ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി സ്ഥിരം സംവിധാനമൊരുക്കുകയും ജില്ലയിലെ മത്സ്യമേഖലയിലെ ജീവനക്കാരുടെ ക്ഷാമത്തിനു പരിഹാരം കാണുകയും ചെയ്യും. തളങ്കര പുലിമുട്ടും ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കും.
കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയില്‍ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടറോടും മത്സ്യഫെഡ് മാനേജരോടും മന്ത്രി റിപ്പോര്‍ട്ട് തേടി. യോഗത്തില്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് ചീഫ് എന്‍ജിനിയര്‍ പി.കെ അനില്‍കുമാര്‍, ഫിഷറിസ് ജോയിന്റ് ഡയരക്ടര്‍ ഡോ. ദിനേശ് ചെറുവാട്ട്, ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ വനജ, മത്സ്യ സമൃദ്ധി നോഡല്‍ ഓഫിസര്‍ പി.കെ സുരേന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."