ഹനീഫ വധം: വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്ന് ഹൈകോടതി
ചാവക്കാട്: തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ വധത്തിനു പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശുഷ്‌ക്കാന്തി കാണിച്ചില്ലെന്ന് ഹൈകോടതി. ഹനീഫ വധക്കേസ് പുനരന്വേഷിക്കാന്‍ നിര്‍ദേശിച്ച ഉത്തരവിലാണ് ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയത്. ഹനീഫ കൊലപാതകതതിനു പിന്നിലെ യഥാര്‍ഥ വസ്തുതകളെ നീതിന്യായ വ്യവസ്ഥക്കു മുന്നില്‍ കൊണ്ടുവരാനുള്ള ഒരു ശ്രമവും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് കോടതി നീരിക്ഷിച്ചു. പൊലിസ് സമര്‍പിച്ച രേഖകള്‍ പരിശോധിച്ചാല്‍ അന്വേഷണം സത്യസന്ധവും നീതിയുക്തവും അന്യപ്രേരണകൂടാത്തതാണെന്നും പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഹനീഫ വധിക്കപ്പെട്ടതിനു ശേഷം കൊലപാതകത്തിന്റെ സാക്ഷികളിലൊരാളായ തെരുവത്ത് വീട്ടില്‍ ഫൈസല്‍ (20) ഒരു മണിക്കൂര്‍ കഴിഞ്ഞ് രാത്രി 11ന് ചാവക്കാട് സ്റ്റേഷനിലെത്തി നല്‍കിയ എഫ്.ഐ.എസ് - അനുസരിച്ച് ചാവക്കാട് പൊലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിലും പിന്നീട് പലവട്ടം പ്രതികളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി റിമാന്റിനായി കോടതിയില്‍ നല്‍കിയ രേഖകളിലും ഉള്‍പ്പെട്ട രണ്ട് പ്രതികളേയും കുറ്റപത്രത്തില്‍ നിന്നൊഴിവാക്കിയെന്ന് ഹനീഫയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ ശരിവെത്തുന്നതാണ് കോടതിയുടെ നിരീക്ഷണം. ചാവക്കാട് സ്റ്റേഷനിലെ എസ്.ഐ എ.വി രാധാകൃഷ്ണനാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. ഇതനുസരിച്ച് പുത്തന്‍ കടപ്പുറം സ്വദേശി ഷമീര്‍ (30), കുണ്ടുപറമ്പില്‍ ഷാഫി (29), തൊണ്ടംപിരിവീട്ടില്‍ അന്‍സാര്‍ (21), വളവില്‍ സച്ചിന്‍ (31,കുന്നത്ത് അഫ്‌സല്‍ (30), കൊപ്രവീട്ടില്‍ ഫസലു (34) എന്നിവരുടെ പേരാണ് പ്രതികളായി ചേര്‍ത്തിരുന്നത്. പ്രതികളെ വാഹനത്തില്‍ കയറ്റി രക്ഷപെടാന്‍ സഹായിച്ചെന്ന കാരണത്താല്‍ പുതുമനശ്ശേരി നാലകത്ത് പടവിങ്കല്‍ സിദ്ധീഖ് (36), അമ്പലത്തു വീട്ടില്‍ പുളിക്കല്‍ റിന്‍ഷാദ്(29), പുതുവീട്ടില്‍ ഷംസീര്‍ (20) തുടങ്ങിയ മറ്റു മൂന്നുപേരെയും നാലകത്ത് മഞ്ഞിലില്‍ ആബിദ് (26) എന്ന പ്രതിയെ സംഭവത്തില്‍ ഉള്‍പ്പെട്ടെന്ന നിലയിലും പിടികൂടിയിരുന്നു. പ്രതികളിലൊരാളായ ഫസലുവിനെ പിടികൂടി കോടതിയില്‍ ഹാരാക്കാന്‍ നല്‍കിയ വിവരത്തിലും മേല്‍ പറഞ്ഞ എഫ്.ഐ.ആറാണ് സമര്‍പിച്ചിരുന്നത്. ഇതില്‍ റിന്‍ഷാദിനേയും ഷംസീറിനേയും ആബിദിനേയും ആറും ഏഴും എട്ടും പ്രതികളാക്കിയിരുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പിച്ച ഫൈനല്‍ റിപ്പോര്‍ടില്‍ പ്രതികളുടെ പേരില്‍ നിന്ന് സച്ചിന്‍, ഷാഫി എന്നിവരുടെ പേര് ഒഴിവാക്കിയിരുന്നു. പകരം നാലാം പ്രതിയായി ഷംസീറിനേയും അഞ്ചാം പ്രതിയായി റിന്‍ഷാദിനേയും ഉള്‍പെടുത്തുകയും ചെയ്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി തയ്യാറാക്കിയ റിപ്പോര്‍ട് പ്രകാരമാണ് ഈ വിവരം. യഥാര്‍ഥ പ്രതികളെ ഒഴിവാക്കി അവരെ രക്ഷപെടാന്‍ അനുവദിച്ചവരെ മുഖ്യപ്രതികളാക്കിയാണ് പൊലിസ് കുറ്റപത്രവും സമര്‍പിച്ചിട്ടുള്ളത്. ഇത് കേസിനെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും ഹനീഫയുടെ മാതാവ് പരതിയില്‍ ഉന്നയിച്ചിരുന്നു. ഹനീഫയുടെ മാതാവിന്റെ ഈ ആരോപണം സത്യമെന്ന് കണ്ട കോടതി ഈ പ്രതികളെ ഒഴിവാക്കിയതിന്റെ കാരണം കുറ്റപത്രത്തില്‍ വ്യക്തമാക്കിയില്ലെന്നും നിരീക്ഷിച്ചിട്ടുണ്ട്. മാത്രമല്ല ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്ക് മാത്രമാണ് സംഭവത്തില്‍ നേരിട്ടുള്ള പങ്ക് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇത്രയും പ്രമാദമായ കേസായിട്ടും പ്രധാന സാക്ഷികളിലൊരാളായ ഹനീഫയുടെ മാതാവ് ഐഷാബിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഉത്തരവില്‍ സൂചിപ്പിച്ചുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."