പാലം യാഥാര്‍ഥ്യമായിട്ടും മാരേക്കാട് വഴി ബസ് സര്‍വിസില്ല
മാള: പാലം യാഥാര്‍ഥ്യമായിട്ടും റോഡില്‍ ബസ് സര്‍വിസ് ആരംഭിക്കാത്തത് കാരണം മാരേക്കാട് നിവാസികള്‍ യാത്ര ക്ലേശത്താല്‍ ബുദ്ധിമുട്ടുന്നു. മാള ടൗണില്‍ നിന്നും പത്ത് കീലേ മീറ്റര്‍ ദൂരമുള്ള മാരേക്കാട് വഴി ബസ് സര്‍വിസുകള്‍ ഒന്നും തന്നെ ഇല്ല. അഷ്ടമിച്ചിറ, പുത്തന്‍ചിറ, ചാലക്കുടി തുടങ്ങിയ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സ്വന്തമായി വാഹനം വേണം. അല്ലെങ്കില്‍ വാഹനം വാടകക്ക് വിളിക്കണം.
1987 ല്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ മുന്‍കൈയ്യെടുത്ത് മാരേക്കാട് കടവിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസിന് തുടക്കമിട്ടിരുന്നു. പതിറ്റാണ്ടുകള്‍ സര്‍വിസ് നടത്തിയ ബസ് റോഡ് ശോച്യാവസ്ഥയിലായപ്പോഴാണ് നിര്‍ത്തിയത്. മാള പഞ്ചായത്തിലെ മാരേക്കാട് അഷ്ടമിച്ചിറ പുത്തന്‍ചിറ പഞ്ചായത്തിലെ കുന്നത്തേരി എന്നിവയുമായി ബന്ധപെടുത്തിയാണ് പാലം യാഥാര്‍ഥ്യമായത്.
ഇതോടെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ചാലക്കുടിയിലേക്കുള്ള ദൂരം കുറഞ്ഞ വഴിയാണ് തുറന്നത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ഈ റൂട്ടില്‍ നിയമസഭാ തെരെഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് മാസം ഓടിയ ശേഷം സര്‍വിസ് നിര്‍ത്തിയത് പ്രദേശ വാസികളെ നിരാശരാക്കിയിരിക്കുകയാണ്.
പിന്നീട് ഈ ആവശ്യം പരിഗണിച്ച് ബസ് അനുവദിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പുത്തന്‍ചിറ എല്‍.പി, വെള്ളൂര്‍ എല്‍.പി, വെള്ളൂര്‍ ഹൈസ്‌കൂള്‍, മങ്കിടി ഹയര്‍ സെക്കന്‍ഡറി, പുത്തന്‍ചിറ ഈസ്റ്റ് യു.പി, അഷ്ടമിച്ചിറ എല്‍.പി, ഗാന്ധി സ്മാരക ഹൈസ്‌കൂള്‍ അഷ്ടമിച്ചിറ തുടങ്ങിയ വിദ്യാലയങ്ങളിലേക്കുള്ള നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് ബസ് ഇല്ലാത്തതിനാല്‍ മറ്റു വഴികള്‍ തേടുന്നത്.
പുത്തന്‍ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും, വില്ലേജ്, പഞ്ചായത്ത്, രജിസ്റ്റാര്‍ ഓഫിസുകള്‍, മിനി സിവില്‍ സ്റ്റേഷന്‍ എന്നിവയിലേക്കും മറ്റു മാര്‍ഗങ്ങള്‍ തന്നെ ശരണം. എന്നും തെരഞ്ഞെടുപ്പിനെ ആയുധമാക്കുകയാണ് വഴിയെന്നറിഞ്ഞ് കാത്തിരിക്കാന്‍ മാത്രമാണ് മാരേക്കാട്ട് നിവാസികളുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."