ഉപതെരഞ്ഞെടുപ്പ്: വരിയില്ലാതെ പോളിങ് ബൂത്തുകള്‍
കയ്പമംഗലം: ജില്ലാപഞ്ചായത്ത് കയ്പമംഗലം ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്താതെ വോട്ടര്‍മാര്‍. എല്ലാ കാലവും ശക്തമായ പോളിങ് നടക്കാറുള്ള കയ്പമംഗലം ഡിവിഷനില്‍ പോളിംഗ് മന്ദഗതിയിലായിരുന്നു. പോളിങ് 57.48 ശതമാനം. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രമായ മതിലകം പഞ്ചായത്തിലും പെരിഞ്ഞനം പഞ്ചായത്തിലും വരെ പോളിങ്ങില്‍ മന്ദഗതി അനുഭവപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരും ഭാരവാഹികളുമെല്ലാം നേരത്തെ തന്നെ വോട്ട് ചെയ്‌തെങ്കിലും ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താന്‍ പോളിങ് സ്‌റ്റേഷനിലേക്കെത്തിയില്ല. അടിക്കടിയുണ്ടാകുന്ന തെരഞ്ഞെടുപ്പുകള്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്നതാണ് പോളിങ്ങിലെ മന്ദത കാണിച്ചു തരുന്നത്. പല ബൂത്തുകളിലും ബി.ജെ.പിക്ക് ബൂത്ത് ഏജന്റുമാര്‍ വരെയുണ്ടായില്ല. എന്നാല്‍ കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളില്‍ ചിലയിടങ്ങളില്‍ അവരുടെ സാന്നിധ്യമുണ്ടായിരുന്നു. രാവിലെ ഏഴ് മണിക്ക് വോട്ട് ചെയ്യാനെത്തിയവരുടെ നിരപോലും പിന്നീട് ഭൂരിഭാഗം ബൂത്തുകളിലും ഉണ്ടായില്ലെന്നത് കയ്പമംഗലത്ത് ചരിത്രമാവുകയാണ്. വോട്ടിങ്ങിന്റെ വാശിയോ ചൂടോ ഇല്ലാതെ കടന്നു പോയ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ: ഒ.എസ് നഫീസയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബി.ജി വിഷ്ണുവും ബി.ജെ.പി സ്ഥാനാര്‍ഥി കെ.ബി അജയ്‌ഘോഷും രാവിലെ മുതല്‍ പോളിംഗ് അവസാനിക്കുന്നത് വരെ മണ്ഡലത്തില്‍ സജീവമായിരുന്നു. ഇന്ന് രാവിലെ മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. രാവിലെ പത്തിന് വോട്ടെണ്ണല്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."