ഒരു വര്‍ഷത്തിനുള്ളില്‍ ഖത്തറില്‍ നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍: എം.എ യൂസഫലി
ദോഹ: ഒരു വര്‍ഷത്തിനകം ഖത്തറില്‍ നാലു പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാനാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതെന്ന് എം.കെ ഗ്രൂപ്പ് എം.ഡി എം.എ യൂസഫലി പറഞഞു. ദോഹ ഡിറിങ് റോഡില്‍ ലുലു റീജ്യനല്‍ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു മാസത്തിനകം മസീലയില്‍ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കും. തുടര്‍ന്ന് മൈദറിലും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ച അദ്ദേഹം ബാക്കി രണ്ടെണ്ണം എവിടെയാണെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു. നാലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കുമായി 500 ദശലക്ഷം റിയാല്‍ നിക്ഷേപമാണ് നടത്തുക. മികച്ച ഉല്‍പ്പന്നം, കുറഞ്ഞ വില, മെച്ചപ്പെട്ട സേവനം എന്നിവ ലക്ഷ്യമാക്കി ഉപഭോക്താക്കള്‍ക്കടുത്തേക്ക് സേവനങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് ലുലു നടത്തുന്നത്.
സുരക്ഷിതത്വത്തില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമായ ഖത്തര്‍ കാഴ്ചപ്പാടുള്ള ഭരണാധികാരികളുടെ നേതൃത്വത്തില്‍ സാമ്പത്തികരംഗത്ത് മുന്നോട്ടു കുതിക്കുകയാണ്. നിരവധി വിദേശ നിക്ഷേപം രാജ്യത്തേക്കു വരുന്നു. എണ്ണ വിലയിലെ കുറവിനെ മറിടകക്കാവുന്ന സാമ്പത്തിക ആസൂത്രണമാണ് ഗള്‍ഫ് ഭരണകൂടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുമ്പ് നാലു തവണ ഇതേ സാഹചര്യം നേരിട്ടപ്പോഴും മറികടന്ന് മുന്നോട്ടു പോകാന്‍ ഗള്‍ഫിനു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ തുടങ്ങിയ ലുലുവിന് ഖത്തറിലിപ്പോള്‍ ആറു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന നിലയിലേക്ക് വളര്‍ച്ചയുണ്ടായെന്നും രാജ്യത്തെ ഭരണാധികാരികളും ഉപഭോക്താക്കളും മികച്ച പിന്തുണയാണ് ലുലുവിന് നല്‍കുന്നതെന്നും ഉദ്ഘാടന വേളയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേന്ദ്ര-കേരള സര്‍ക്കാറുകള്‍ മാറി വരുന്നവയിലെല്ലാം പ്രതീക്ഷ പുലര്‍ത്തുന്ന നയമാണ് താന്‍ സ്വീകരിച്ചു വരുന്നതെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. രണ്ടു സര്‍ക്കാരുകളെ താരതമ്യം ചെയ്യാന്‍ മുതിരാറില്ല. എല്ലാ സര്‍ക്കാരുകളുമായും സഹകരിക്കുമെന്നും എം.എ യൂസഫലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."