രഞ്ജി: കേരളത്തിനു പ്രതീക്ഷ
ഭുവനേശ്വര്‍: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു പ്രതീക്ഷ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഹൈദരാബാദ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയില്‍ പതറുന്നു. ആദ്യ ഇന്നിങ്‌സില്‍ കേരളം ഒന്‍പതു വിക്കറ്റിനു 517 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഒരു ദിവസം ശേഷിക്കേ കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഹൈദരാബാദിനു 286 റണ്‍സ് കൂടി വേണം. അവസാന ദിനമായ ഇന്നു ക്ഷണത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി ഹൈദരാബാദിനെ ഫോളോ ഓണ്‍ ചെയ്യിച്ച് വീണ്ടും ബാറ്റിങിനു വിട്ട് വിജയം പിടിക്കാനുള്ള നേരിയ സാധ്യത കേരളത്തിനുണ്ട്. മത്സരം സമനിലയില്‍ അവസാനിക്കാനും സാധ്യത നിലനില്‍ക്കുന്നു.
കളിയവസാനിക്കുമ്പോള്‍ മെഹ്ദി ഹസ്സനും (26), മിലിന്ദു (നാല്)മാണ് ക്രീസില്‍. ഹൈദരാബാദിനായി ഭവങ്ക സന്ദീപ് (53), ഭണ്ഡാരി (40), അക്ഷത് റെഡ്ഡി (37), അനിരുദ്ധ് (30) എന്നിവര്‍ പിടിച്ചുനിന്നു. കേരളത്തിനായി സന്ദീപ് വാര്യര്‍, ജലജ് സക്‌സേന, മോനിഷ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും ഇഖ്ബാല്‍ അബ്ദുല്ല ഒരു വിക്കറ്റുമെടുത്തു.
വയനാട്ടിലെ മത്സരങ്ങള്‍
27നു തുടങ്ങും
കൃഷ്ണഗിരി(വയനാട്): രഞ്ജി ട്രോഫി എലൈറ്റ് മത്സരങ്ങള്‍ക്ക് വയനാട് കൃഷ്ണഗിരി സ്റ്റേഡിയം വീണ്ടും വേദിയാകും. ഗ്രൂപ്പ് ബി യിലെ മൂന്നു മത്സരങ്ങളാണ് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുക. ഈ മാസം 27നു ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ വിദര്‍ഭ- ജാര്‍ഖണ്ഡിനെ നേരിടും. ഡല്‍ഹി- രാജസ്ഥാന്‍ മത്സരം നവംബര്‍ 21നും ഒഡിഷ- മഹാരാഷ്ട്ര മത്സരം നവംബര്‍ 29നും നടക്കും.
മത്സരങ്ങളില്‍ ഗംഭീര്‍, ഇഷാന്ത് ശര്‍മ്മ തുടങ്ങിയ ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ കളിക്കാനെത്തും. ജാര്‍ഖണ്ഡ് ടീം നാളെയും വിദര്‍ഭ 25നും വയനാട്ടിലെത്തും. ബി.സി.സി.ഐ നിര്‍ദേശ പ്രകാരമുള്ള പിച്ച് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റുകളിലൊന്നായ കൃഷ്ണഗിരിയില്‍ ആദ്യ ദിവസങ്ങളില്‍ ബാറ്റ്‌സ്മാനെയും തുടര്‍ന്ന് സ്പിന്നര്‍മാരെയും തുണക്കുന്ന സ്‌പോര്‍ടിങ് വിക്കറ്റാണ് ചീഫ് ക്യൂറേറ്റര്‍ മോഹനന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."