1.45 കോടി പാഠ പുസ്തകങ്ങള്‍ വിതരണം ചെയ്തു
മലപ്പുറം: വിവാദങ്ങളില്ലാതെ രണ്ടാം ഭാഗം സ്‌കൂള്‍ പാഠ പുസ്തക വിതരണം അന്തിമഘട്ടത്തില്‍. ആവശ്യമായ പാഠ പുസ്തകങ്ങളുടെ 95 ശതമാനവും പൂര്‍ത്തിയായതായി സംസ്ഥാന ടെക്സ്റ്റ് ബുക്ക് ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. 1,44,56,150 ടെക്സ്റ്റ് ബുക്കുകളാണ് അച്ചടി പൂര്‍ത്തിയാക്കി കെ.ബി.പി.എസ് വിതരണം ചെയ്തത്. സംസ്ഥാനത്താകെ 1,52,17000 രണ്ടാം ഭാഗ പാഠ പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്.
ഇതില്‍ 7,60,850 പാഠ പുസ്തകങ്ങള്‍ മാത്രമാണ് ഇനി വിതരണം ചെയ്യാനുള്ളത്. നേരത്തെ പാഠ പുസ്തകത്തിന്റെ അച്ചടി ചുമതല മാത്രം വഹിച്ചിരുന്ന കെ.ബി.പി.എസ് കഴിഞ്ഞ വര്‍ഷത്തെ രണ്ടാം ഭാഗ പാഠ പുസ്തക അച്ചടി സമയത്താണ് വിതരണ ചുമതല കൂടി ഏറ്റെടുത്തത്. ജില്ലാ ഹബ്ബുകളില്‍ നിന്ന് പാഠ പുസ്തകം സ്‌കൂള്‍ സൊസൈറ്റികളിലെത്തിക്കാനുള്ള ചുമതലയും നിലവില്‍ കെ.ബി.പി.എസ് തന്നെയാണ് വഹിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പാഠ പുസ്തകത്തിന്റെ ഒന്നാം ഭാഗ അച്ചടി വരെ വിതരണ ചുമതല തപാല്‍ വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. നവംബര്‍ ഒന്നുമുതലാണ് സ്‌കൂളുകളില്‍ രണ്ടാംഭാഗം പാഠ പുസ്തകം പഠിപ്പിച്ചു തുടങ്ങേണ്ടത്.
ഈ മാസം 25 നകം തന്നെ പാഠ പുസ്തക വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. അതേ സമയം ഈ അധ്യയന വര്‍ഷാരംഭത്തില്‍ ഒന്നാം വാല്യം പാഠ പുസ്തകം വിതരണം പൂര്‍ത്തിയായതായി കാണിച്ച് കെ.ബി.പി.എസ് റിപ്പോര്‍ട്ട് നല്‍കിയ ശേഷവും സംസ്ഥാനത്തെ നൂറുകണക്കിന് സ്‌കൂളുകള്‍ക്ക് പുസ്തകം ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. മുഴുവന്‍ കുട്ടികള്‍ക്കും പാഠ പുസ്തകം ലഭിച്ചു എന്ന് ഉറപ്പാക്കാന്‍ ദിവസവും വൈകുന്നേരം അഞ്ചിന് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് ശേഖരിക്കുന്നുണ്ട്. ക്രോഡീകരിച്ച റിപ്പോര്‍ട്ട് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് കൈമാറണമെന്നാണ് നിര്‍ദ്ദേശം. ഈ റിപ്പോര്‍ട്ട് വൈകുന്നേരം ആറുമണിയോടെ ടെക്സ്റ്റ്ബുക്ക് ഓഫിസര്‍ക്കും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും കൈമാറുന്നുണ്ട്.
ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും കാരണത്താല്‍ റവന്യൂജില്ലകളില്‍ പാഠ പുസ്തകങ്ങള്‍ അധികമായി വരികയോ കുറവു വരുകയോ ചെയ്താല്‍ 25 ന് വൈകുന്നേരം അഞ്ചു മണിക്കു മുന്‍പായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഒന്നാം ഭാഗം പാഠ പുസ്തക വിതരണം ചെയ്തതിലൂടെ മാത്രം 91 ലക്ഷം രൂപ ലാഭമുണ്ടാക്കാനായെന്നാണ് കെ.ബി.പി.എസ് അവകാശപ്പെടുന്നത്. ഈ വര്‍ഷം ആദ്യഘട്ടത്തില്‍ 2.88 കോടി പാഠ പുസതകങ്ങളാണ് അച്ചടിക്കേണ്ടി വന്നത്. രണ്ടാം ഭാഗത്തിലെ ലാഭം കൂടിയാകുമ്പോള്‍ ഇത് ഒന്നരക്കോടി രൂപ കടക്കുമെന്നാണ് കെ.ബി.പി.എസിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."