എന്തിനാണ് ഈ നീതിപീ'ഠ'നം
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന മഹത്തായ വാക്യത്തിന്റെ അര്‍ഥം, അറിഞ്ഞുകൊണ്ട് ആയിരം കുറ്റവാളികളെയെങ്കിലും രക്ഷപ്പെടുത്തണമെന്നല്ല, നിരപരാധി ഒരു കാരണവശാലും ശിക്ഷിക്കപ്പെടരുതെന്നാണ്.
ഇതാണ് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ആണിക്കല്ലെങ്കിലും അന്വേഷണോദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുടെയും ഉണ്ടാക്കപ്പെടുന്ന തെളിവുകളുടെയും അടിസ്ഥാനത്തില്‍ ചിലപ്പോഴെങ്കിലും നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്. തെളിവുകളുടെ 'അഭാവ'ത്തില്‍ അപരാധികള്‍ ധാരാളമായി രക്ഷപ്പെടാറുമുണ്ട്.
കുറ്റകൃത്യങ്ങള്‍ തടയാനാണു നിയമങ്ങളും ശിക്ഷകളുമെന്നതു സത്യം. എങ്കിലും ചില കുറ്റവാളികളെങ്കിലും ഇതിനെല്ലാം മുകളില്‍ പറക്കുന്ന പരുന്തുകളായി മാറുന്നുവെന്നതാണു സത്യം. എന്നാലും, നീതിപീഠത്തിലും നീതിന്യായവ്യവസ്ഥയിലും അടിയുറച്ചുവിശ്വസിക്കുന്നവരാണ് പൊതുജനം. കുറ്റവാളികളും മാഫിയാസംഘങ്ങളും എത്ര പ്രബലരായാലും അന്തിമമായി തങ്ങള്‍ക്കു നീതിലഭിക്കുമെന്നു വിശ്വസിക്കുന്നവരാണ് നിയമം കൈയിലെടുക്കാനറിയാത്ത ജനങ്ങള്‍.
ഈയൊരു പശ്ചാത്തലത്തിലാണു ദിവസങ്ങള്‍ക്കുമുമ്പ് വഞ്ചിയൂര്‍ കോടതിമുറിക്കുള്ളില്‍ നടന്ന അഴിഞ്ഞാട്ടത്തെയും അതുമായി ബന്ധപ്പെട്ട 'മൗന'ങ്ങളെയും 'അനക്കമില്ലായ്മ'കളെയും വിലയിരുത്തേണ്ടത്. കോടതിമുറിയില്‍ കേസ് വിചാരണ നടന്നുകൊണ്ടിരിക്കെയാണു കറുത്തകോട്ടിട്ട ഒരു സംഘം അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ടു തല്ലിയത്. കോടതിവളപ്പിലോ കോടതിവരാന്തയിലോ ആണ് ഇക്കാര്യം സംഭവിച്ചതെങ്കില്‍ എന്തെങ്കിലും ന്യായീകരണം കണ്ടെത്താമായിരുന്നു.
ഇതു സംഭവിച്ചതു ന്യായാധിപന്റെ കണ്‍മുന്നിലും മൂക്കിനു താഴെയുമാണ്. എന്നിട്ടും അക്രമികള്‍ക്കെതിരേ ഒരു നടപടിയുമുണ്ടായില്ല. വനിതാമാധ്യമപ്രവര്‍ത്തകര്‍ നേരിട്ടു പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ മടിച്ച പൊലിസ് പ്രശ്‌നം ഒത്തുതീര്‍പ്പാകുന്നതിനു കാത്തിരിക്കുകയായിരുന്നു. അതുണ്ടാകുന്നില്ലെന്നു വന്നപ്പോള്‍ അടിച്ചവരെന്ന് ആരോപിക്കപ്പെടുന്നവര്‍ക്കൊപ്പം അടികൊണ്ട മാധ്യമപ്രവര്‍ത്തകരെയും പ്രതികളാക്കി ബാലന്‍സ് ഒപ്പിച്ചു പൊലിസ് കടമ നിറവേറ്റി.
കേസുണ്ടാക്കാനും ഇല്ലാതാക്കാനുമുള്ള പൊലിസിന്റെ ബുദ്ധിയും മിടുക്കും പുത്തനല്ലാത്തതിനാല്‍ അക്കാര്യം വിട്ടേയ്ക്കാം. സാധാരണജനങ്ങളുടെ സംശയം അതല്ല. കേസു നടന്നുകൊണ്ടിരിക്കെ കോടതി മുറിക്കുള്ളില്‍വച്ച് ആരെങ്കിലും ചട്ടമ്പിത്തരം കാട്ടിയാല്‍ എന്താണു ചെയ്യുക. അക്രമം നടത്തി കൈകഴുകി പോകാന്‍ അവരെ അനുവദിക്കുമോ അതാണോ നമ്മുടെ നീതിന്യായവ്യവസ്ഥ അനുശാസിക്കുന്നത്. നമ്മളെപ്പോലുള്ള സാധാരണക്കാരാണ് ഇത്തരമൊരു നിയമം കൈയിലെടുക്കല്‍ നടത്തിയതെങ്കില്‍ അടുത്തനിമിഷം അഴിക്കുള്ളില്‍ കിടക്കുമെന്നതില്‍ സംശയമില്ല.
അറിയാത്തതുകൊണ്ടു ചോദിക്കുകയാണ്. കറുത്ത കോട്ടിട്ടവര്‍ക്ക് കോടതിയില്‍ എന്തുമാകാമെന്ന വ്യവസ്ഥ നമ്മുടെ നാട്ടിലുണ്ടോ. അവര്‍ എന്തും കാട്ടിക്കൂട്ടുമ്പോള്‍ നീതിപീഠം നിശബ്ദമായിരിക്കണമെന്ന വിലക്കുണ്ടോ. ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ ഇത്രയും എഴുതിയതെല്ലാം പിന്‍വലിക്കുന്നു.
മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റേണ്ട എന്നാണു നീതിപീഠത്തിന്റെ തീരുമാനമെങ്കില്‍ അതു നടപ്പാക്കണമെന്നു തന്നെയാണ് ഈയുള്ളവന്റെ അഭിപ്രായം. ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്ന് ഉറച്ചുവിശ്വസിക്കുകയെങ്കിലും ചെയ്യാമല്ലോ. നാവടക്കൂ പണിയെടുക്കൂ എന്നു പണ്ട് കോണ്‍ഗ്രസുകാരുടെ പ്രിയദര്‍ശിനി പറഞ്ഞപ്പോള്‍ അനുസരിച്ചവരാണല്ലോ നമ്മള്‍.
കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തില്ലെന്നു വച്ച് മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയൊന്നുമില്ല. വേറെന്തെല്ലാം വാര്‍ത്തകള്‍ കിടക്കുന്നു കോളം തികയ്ക്കാനും ടാം റേറ്റിങ് കൂട്ടാനും. പക്ഷേ, അതു പറയേണ്ടതു നീതിപീഠമാണ്. അല്ലാതെ ഒരു അധികാരവുമില്ലാത്ത അക്രമിസംഘങ്ങളല്ല. ഇവിടെ ഉത്തരവിറക്കുന്നതും വാര്‍ത്തയെടുക്കാനെത്തുന്നവരെ അടിച്ചോടിക്കുന്നതും കോടതി നിയോഗിച്ച പൊലിസോ മറ്റാരെങ്കിലുമോ അല്ല. വൈകിയാണെങ്കിലും ഹൈക്കോടതിയും സുപ്രിംകോടതിയും പറഞ്ഞിരിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശിക്കാമെന്നും കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാമെന്നുമാണ്.
കോടതിയില്‍ പ്രവേശിക്കാന്‍ ചെന്നപ്പോഴൊക്കെ തങ്ങളെ കറുത്ത ഗൗണിട്ട ഒരു സംഘം അക്രമികള്‍ തല്ലിയോടിച്ചുകൊണ്ടിരിക്കുകയും ഒരു നടപടിയും ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളില്‍നിന്നുണ്ടാകാതിരിക്കുകയും ചെയ്തപ്പോള്‍ ആ വഴിക്കു പോകേണ്ടെന്നു തീരുമാനിച്ചവരാണു മാധ്യമപ്രവര്‍ത്തകര്‍. അവകാശം പുനഃസ്ഥാപിച്ചുകിട്ടാന്‍ നിയമപ്രകാരം അവര്‍ മുഖ്യമന്ത്രിയെയും പ്രസ് കൗണ്‍സിലിനെയും സുപ്രികോടതിയെയും മറ്റും സമീപിക്കുകയും കാത്തിരിക്കുകയുമായിരുന്നു.
ഇതിനിടയിലാണ് മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി ഒരു തീര്‍പ്പിലെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയിലെത്തി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാമെന്നും അതു തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും തടഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും പ്രഖ്യാപനമുണ്ടായി. അതു വിശ്വസിച്ചു വാര്‍ത്തയെടുക്കാന്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തകരെയാണു വളഞ്ഞിട്ടു തല്ലിയത്. ഇതുവരെ കോടതി വരാന്തയിലും കോമ്പൗണ്ടിലും വച്ചായിരുന്നു ആക്രമണമെങ്കില്‍ ഇത്തവണ അതു കോടതി മുറിക്കുള്ളില്‍ ന്യായാധിപന്റെ കണ്‍മുന്നില്‍ വച്ചാണ് ഉണ്ടായിരിക്കുന്നത്. എന്നിട്ടും, നാടന്‍ഭാഷയില്‍ പറയുന്നപോലെയും ഒരു പക്ഷേ പ്രതികള്‍ മനസ്സില്‍ കരുതുന്നപോലെയും 'ഒരു ചുക്കും സംഭവിച്ചില്ല!'
വഞ്ചിയൂര്‍ കോടതി മുറിക്കുള്ളില്‍ വച്ചുണ്ടായ അക്രമത്തെക്കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ച ഓര്‍മയില്‍ വരുന്നു. കോടതിയിലുണ്ടായ അക്രമത്തെ ന്യായീകരിച്ചു സംസാരിച്ച അഭിഭാഷക സംഘടനയുടെ പ്രതിനിധി മാധ്യമസംഘടനയുടെ പ്രതിനിധിയോടു ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു: ''ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കാര്യമായ ശ്രമം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ നിങ്ങള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയതുകൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത്. ''
ചിരിക്കാതിരിക്കാനാവുന്നില്ല സാര്‍.
നീതി കിട്ടാന്‍ കോടതിയുടെ മുന്‍പാകെ പോകുന്നതു കുറ്റമാണോ? അതിന്റെ പേരില്‍ കോടതിക്കുള്ളില്‍ വച്ചു പൊതിരെ തല്ലുന്നതും അതു ന്യായീകരിക്കുന്നതും അധികാരസ്ഥാനത്തുള്ളവര്‍ മൗനം ഭജിക്കുന്നതുമാണോ നീതി. അറിവില്ലായ്മകൊണ്ട് ഇതിനെ നീതിപീ'ഠ'മെന്നു പറഞ്ഞുപോയാല്‍ പൊറുക്കേണമേ!!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."