സ്‌കൂളുകളില്‍ ശുദ്ധജലം അത്ര ശുദ്ധമല്ല
മലപ്പുറം: സ്‌കൂളുകളില്‍ കുട്ടികള്‍ കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ നിര്‍ദേശം നല്‍കി. ചില സ്‌കൂളുകളില്‍ മലിനമായ കിണറുകളിലെ ജലം കുട്ടികള്‍ക്കു കുടിക്കാന്‍ നല്‍കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. വിഷയത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് ആവശ്യമായ അടിയന്തര നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് കലക്ടര്‍ നിര്‍ദേശിച്ചു.
സ്‌കൂള്‍ വാഹനം
സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന പുരോഗമിക്കുന്നതായും വീഴ്ച കണ്ടെത്തിയ 70 ബസുകള്‍ക്ക് ഇതിനകം സ്റ്റോപ് മെമോ നല്‍കിയിട്ടുണ്ടെന്നും ആര്‍.ടി.ഒ അറിയിച്ചു. ഇക്കാര്യത്തില്‍ ജില്ലാ ദുരന്തനിവാരണ വിഭാഗം ചെയര്‍പെഴ്‌സണ്‍ എന്ന നിലയില്‍ നേരത്തെ നല്‍കിയ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയിലെ ഹൈസ്‌കൂളുകളില്‍ 99 ശതമാനവും എല്‍.പി.- യു.പി. സ്‌കൂളുകളില്‍ 98 ശതമാനവും പാഠപുസ്തക വിതരണം പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ പുസ്തക വിതരണം കഴിഞ്ഞ് ബാക്കിയുള്ളവ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡ് വികസനം
പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കിയ ടെണ്ടര്‍ ചെയ്യാത്ത വര്‍ക്കുകള്‍ തുടരേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കാനും ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ റിപ്പയര്‍ ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു. കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസ് വികസനത്തിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ.യെ അറിയിച്ചു.
കുടിവെള്ളം
ചീക്കോട് കുടിവെള്ള പദ്ധതിയില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കുന്നത് തുടരുന്നതായും വാട്ടര്‍ അതോറിറ്റിയുടെ ലൈസന്‍സുള്ള പ്ലംബര്‍മാര്‍ക്ക് ഇതിനായി നല്‍കേണ്ട കൂലി വിവരം പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.വി ഇബ്രാഹീം എം.എല്‍.എയെ അറിയിച്ചു.
താനൂര്‍ മത്സ്യബന്ധന തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കണമെന്ന് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. തിരൂര്‍ പയ്യനങ്ങാടി ഭാഗത്ത് 50 ഓളം വീടുകളിലെ കിണറുകളില്‍ പെട്രോളിന്റെ അംശം കൂടുതലാണെന്ന പരാതി പരിശോധിച്ചതായും പെട്രോളിന്റെ അംശം അനുവദനീയ അളവിലാണെന്ന് ലാബ് പരിശോധനാ ഫലം ലഭിച്ചതായും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു.
മുന്‍ഗണനാ പട്ടിക:
സമയബന്ധിതമായി
പരാതി നല്‍കണം
ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള പുതിയ മുന്‍ഗണാനാ- മുന്‍ഗണനേതര പട്ടിക പ്രസിദ്ധീകരിച്ചത് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളിലും റേഷന്‍ കടകളിലും സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കുമെന്നും പരാതികള്‍ ഈ മാസം 30 നകം സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പരാതികള്‍ സമയബന്ധിതമായി നല്‍കുന്നത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്യാനും ഇത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പതിക്കാനും കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."