റബര്‍ കര്‍ഷകര്‍ക്കുള്ള നടീല്‍ സബ്‌സിഡി റബര്‍ ബോര്‍ഡ് പിന്‍വലിച്ചു
നിലമ്പൂര്‍: റബര്‍ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് നല്‍കി വന്നിരുന്ന റബര്‍ നടീല്‍ സബ്‌സിഡി നിര്‍ത്തലാക്കി. ഒരു ഹെക്ടറിന് 25,000 രൂപയാണ് റബര്‍ ബോര്‍ഡ് സബ്‌സിഡി ഇനത്തില്‍ നല്‍കി വന്നിരുന്നത്. റബര്‍ വിലയിടിവ് മൂലം റബര്‍ കൃഷിയില്‍ നിന്നും കര്‍ഷകര്‍ ചുവട് മാറ്റുന്ന സാഹചര്യത്തില്‍ നടീല്‍ സബ്‌സിഡി കൂടി നിര്‍ത്തലാക്കിയ റബര്‍ ബോര്‍ഡിന്റെ നടപടി കൃഷിയെ സാരമായി ബാധിക്കും. റബര്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്തുക്കളുടെ സബ്‌സിഡിയും നേരത്തെ വെട്ടിക്കുറച്ചിരുന്നു.
പലരും ഈ സബ്‌സിഡി തുക ഉപയോഗിച്ചാണ് റീപ്ലാന്റ് നടത്തിയിരുന്നത്. ഇത് നിര്‍ത്തലാക്കിയതോടെ സ്വന്തം കൈയിലില്‍ നിന്നും പണം മുടക്കി കൃഷി നടത്തേണ്ട അവസ്ഥയാണിന്ന്. റബര്‍ ഇറക്കുമതി മൂലം കര്‍ഷകരുടെ നട്ടെല്ലൊടിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ നിന്നും കര്‍ഷകര്‍ മുക്തമാകുന്നതിന് മുന്‍പാണ് നടീല്‍ സബ്‌സിഡി വെട്ടിക്കുറച്ച് റബര്‍ ബോര്‍ഡ് കര്‍ഷകര്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുന്നത്.
നിലവില്‍ റബര്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുറച്ചു കാലങ്ങളായി കര്‍ഷകവിരുദ്ധ നിലപാടുകളാണ് ബോര്‍ഡിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."