കുട്ടികളേ ഈ കൊലക്കത്തി താഴെയിടൂ.. എന്ന് കണ്ണൂരിലെ 'കൊലക്കേസ് പ്രതികള്‍'
കണ്ണൂരില്‍ രക്തസാക്ഷികളും ബലിദാനികളും സ്മാരകശിലകളില്‍ ഉറങ്ങിക്കിടക്കുമ്പോഴും ഇവരുടെ ഓര്‍മയില്‍ ഉറക്കംനഷ്ടപ്പെട്ട ഒരുപറ്റം കുടുംബങ്ങളെ ആരും അറിയുന്നില്ല. നിര്‍ത്തൂ ഈ അരുംകൊലകള്‍ എന്നു പറയേണ്ടവര്‍ വീണ്ടും അണികളില്‍ വിദ്വേഷത്തിന്റെ വിഷം കുത്തിവച്ച് ആയുധമണിയിക്കുമ്പോള്‍ ഒരുകൂട്ടം 'കൊലക്കേസ് പ്രതികള്‍' തങ്ങളുടെ വേഷപ്പകര്‍ച്ചകളെ വേദനയോടെ നോക്കിക്കണ്ട് തിരശ്ശീലയ്ക്കു പിന്നിലുണ്ട്. അവരുടെ ഇന്നത്തെ അവസ്ഥ അറിയണം... അവരുടെ യാചന പുതുതലമുറയെങ്കിലും കേള്‍ക്കണം
രാഷ്ട്രീയവൈര്യത്തിന്റെ പേരില്‍ കണ്ണൂരില്‍ പരസ്പരം കൊന്നും കൊല്ലിച്ചും മുന്നേറുന്ന രാഷ്ട്രീയപാര്‍ട്ടികള്‍. സമാനതകളില്ലാത്തതാണ് ഈ ക്രൂരത. ഓരോ കൊലയും അനാഥമാക്കുന്നത് ഒന്നിലധികം കുടുംബങ്ങളെയാണ്. രക്തസാക്ഷികളും ബലിദാനികളും സ്മാരകശിലകളില്‍ ഉറങ്ങിക്കിടക്കുമ്പോഴും ഇവരുടെ ഓര്‍മയില്‍ ഉറക്കംനഷ്ടപ്പെട്ട ഒരുപറ്റം കുടുംബങ്ങളെ ആരും അറിയുന്നില്ല. നിര്‍ത്തൂ ഈ അരുംകൊലകള്‍ എന്നു പറയേണ്ടവര്‍ വീണ്ടും അണികളില്‍ വിദ്വേഷത്തിന്റെ വിഷം കുത്തിവച്ച് ആയുധമണിയിക്കുമ്പോള്‍ ഒരുകൂട്ടം 'കൊലക്കേസ് പ്രതികള്‍' തങ്ങളുടെ വേഷപ്പകര്‍ച്ചകളെ വേദനയോടെ നോക്കിക്കണ്ട് തിരശ്ശീലയ്ക്കു പിന്നിലുണ്ട്.
മൂന്നര പതിറ്റാണ്ടു നീണ്ട കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്തു അറിഞ്ഞോ അറിയാതെയോ വന്നുപെട്ടവര്‍. പിന്നെ തിരിഞ്ഞുനടക്കാനാകാതെ പാര്‍ട്ടി കാട്ടിത്തന്ന വഴിയിലൂടെ നടന്നവര്‍. ഒടുവില്‍ അടങ്ങാത്ത പാപഭാരത്താല്‍, സ്വയം തിരിച്ചറിഞ്ഞ് ജീവിതത്തിന്റെ നല്ലപ്രായത്തില്‍ തന്നെ ഏകാന്തവഴിയിലേയ്ക്കു ചേക്കേറിയവര്‍. വൈകിയെങ്കിലും കുടുംബജീവിതത്തിലേക്കു കടന്നവരുമുണ്ട്. ഇവരില്‍ ആരും ഒന്നും പുറത്തുപറയാന്‍ തയാറല്ല, ഭയം കീഴടക്കിയ മനസ്, പഴയ രാഷ്ട്രീയ എതിരാളികളെ മാത്രം ഭയന്നാല്‍പോര ഇവര്‍ക്ക്, പിന്നിട്ട വഴികളിലെ ഓര്‍മകളുടെ നെരിപ്പോടുയരുന്ന ആ നെഞ്ചുകളുടെ താളം ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടാവാം. എങ്കിലും ഇവര്‍ പറയുന്നു 'കുട്ടികളെ, നിങ്ങള്‍ കൊല നിര്‍ത്തൂ.. ഞങ്ങള്‍ക്കുംവേണം സമാധാനം'.
കണ്ണൂര്‍ നഗരത്തില്‍ 'ഭാഗ്യം'വില്‍ക്കുകയാണ് അയാള്‍. ഒരു ചെറിയ പെട്ടിക്കട. രാവിലെ മുതല്‍ രാത്രി വൈകിവരെ അവിടെയുണ്ടാകും. നഗരത്തിരക്കിലലിഞ്ഞുചേരുന്ന പുരുഷാരത്തില്‍ അധികമാര്‍ക്കുമറിയില്ല, ഒരു ഡസനിലേറെ രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതിയാണ് ആ ലോട്ടറി വില്‍പ്പനക്കാരനെന്ന്. ചില കേസുകളില്‍ കോടതി വിധിച്ച ശിക്ഷ അനുഭവിച്ചു, ചില കേസുകളില്‍ കുറ്റവിമുക്തനാക്കപ്പെട്ടു.
'വീണ്ടും ഒരു രാഷ്ട്രീയ കൊലപാതകമെന്നുകേള്‍ക്കുമ്പോള്‍ മനസിനു ഒരു തരം മരവിപ്പാണ്. എന്തോ ഒരു ഭയം, ഒപ്പം ആശങ്കയും. നാളെ ഒരു ഹര്‍ത്താല്‍ കൂടെയായാല്‍ കൈവശമുള്ള ലോട്ടറികള്‍ ബാക്കിയാകും. തന്നെ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്, അവര്‍ പട്ടിണിയാകരുതല്ലോ...'
ചിലതു സംസാരിക്കാനുണ്ടെന്നു പറഞ്ഞ് പലതവണ സമീപിച്ചിട്ടും അയാള്‍ ഒഴിഞ്ഞുമാറി. ''രാഷ്ട്രീയവും മറ്റുമെല്ലാം ഉപേക്ഷിച്ചതാണ്. പക്ഷെ പാര്‍ട്ടി വിട്ടിട്ടൊന്നുമില്ല, ഒരിക്കലും പാര്‍ട്ടി വിടില്ല, അവസാനശ്വാസം ഇല്ലാതാകുമ്പോഴേ പാര്‍ട്ടിയോടുള്ള കൂറും ഇല്ലാതാകൂ''
ഒരുകാലത്ത് പത്രത്താളുകളില്‍ കണ്ണൂരിനെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കൊപ്പം പലപ്പോഴും ഈ പേര് അച്ചടിച്ചു വന്നിട്ടുണ്ട്. രാഷ്ട്രീയ കവലപ്രസംഗത്തില്‍ എതിര്‍ രാഷ്ട്രീയ നേതാക്കളുടെ ഭീഷണിയോടൊപ്പം മുഴങ്ങുകയും ചെയ്ത പേര്. കാലം വലിയ മാറ്റം അയാളില്‍ വരുത്തിയിട്ടുണ്ട്. ചുടുരക്തം ചിതറിത്തെറിപ്പിച്ച കൊലക്കത്തിയുടെ ഒരറ്റത്തു പിടിച്ച ബലിഷ്ടമായ കരങ്ങള്‍ ഇന്നു ഏറെക്കുറെ ശോഷിച്ചു, ആ കൈകളിലൂടെ വച്ചുനീട്ടുന്നത് ഇപ്പോള്‍ നാളെയുടെ ഭാഗ്യമാണ്.
''ആദ്യമേ ഒരു കാര്യം പറയാം. ആരേയും കൊന്നിട്ടില്ല, രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അതിനാല്‍ പൊലിസ് കള്ളക്കേസില്‍ കുടുക്കി. തെളിവുകള്‍ എതിരായതിനാല്‍ ചില കേസുകളില്‍ ശിക്ഷിക്കപ്പെട്ടു. വിശ്വസിച്ച രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കളുടെ വാക്കുകേട്ടു ഒപ്പംനിന്നു. പ്രസ്ഥാനമാണ് ഏറ്റവും വലുതെന്ന് ആരൊക്കെയോ ചൊല്ലിത്തന്നത് ഏറ്റുപാടി. പിന്നെ തിരിച്ചുപോകാന്‍ കഴിയാത്ത വിധം ചുറ്റിവലയപ്പെട്ടു. തെറ്റു ബോധ്യമാകാന്‍ ഏറെ വൈകി. അതിനിടെ എണ്ണിയാലൊടുങ്ങാത്ത കേസുകള്‍. സാമ്പത്തിക കുടുക്കുകള്‍. അതിലേറെ വിശ്വാസം, ലഹരിയായ യുവത്വത്തിന്റെ താളപ്പിഴകള്‍. അതിനിടെ ജീവിക്കാന്‍ മറന്നു. കുറെ കാലം ജയിലില്‍, ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ പുലരി''
മൂന്നര പതിറ്റാണ്ട് നീണ്ടുകിടക്കുന്ന കണ്ണൂരിന്റെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ നിണമണിഞ്ഞ ചരിത്രത്താളുകളില്‍ ഇത്തരത്തിലുള്ള നിരവധി പേരുണ്ട്. ഇവരില്‍ ഒരാള്‍ മാത്രമാണ് ഈ ലോട്ടറി വില്‍പ്പനക്കാരന്‍.
പൊലിസിന്റെ സ്ഥിരം എഫ്.ഐ.ആറില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചും അന്വേഷിച്ചു. ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ഒരാള്‍ ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്താണുള്ളത്. മറ്റൊരാള്‍ തീരെ അവശനായി. കുറേപേര്‍ നാടും വീടും വിട്ട് ദൂരെയെവിടെയോ പോയി. ഒളിവുകാലം ഏറെ യും കഴിഞ്ഞത് ബംഗളൂരുവിലായിരുന്നതിനാല്‍ ഈ പരിചയം വച്ച് ഏറെപേരും ഇപ്പോഴും ആ നഗരത്തിലാണ് എന്തെങ്കിലും ജോലിചെയ്തു ജീവിക്കുന്നത്. ചിലര്‍ ഇപ്പോഴും രാഷ്ട്രീയം തുടരുന്നുണ്ട്.
കഴിഞ്ഞ കാലത്തെക്കുറിച്ച്
ഇവര്‍ പറയുന്നു
ചെയ്തതൊന്നും തെറ്റാണെന്ന് തോന്നുന്നില്ല. കേട്ടുവളര്‍ന്നത് പ്രസ്ഥാനത്തിനുനേരെ എതിരാളികള്‍ നടത്തിയ ക്രൂരമായ ആക്രമണങ്ങളെക്കുറിച്ചാണ്. തങ്ങള്‍ ആരാധനയോടെ കാണുന്ന നേതാക്കളെ പകല്‍ വീട്ടില്‍കയറി തുണ്ടംതുണ്ടമായി വെട്ടുക, ജീവന്‍ പോയി എന്നു ഉറപ്പാക്കിയ ശേഷം തിരിച്ചുപോകുക. മാര്‍ക്‌സിനെയും ഏംഗല്‍സിനെയും ഒന്നും കണ്ടു പാര്‍ട്ടിയില്‍ വന്നരല്ല ഞങ്ങള്‍, ഞങ്ങളുടെ നേതാക്കള്‍ കണ്‍മുന്‍പിലുള്ളവരാണ്.
(കണ്ണൂരില്‍ ഇപ്പോഴും തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കായി ഇരുപാര്‍ട്ടികളും അണികളുടെ മനസു പാകമാക്കുന്നത് ഇത്തരം കഥകള്‍ പലവുരു ചൊല്ലിക്കൊണ്ടാണ്. സി.പി.എമ്മിനും ബി.ജെ.പിക്കുമുണ്ട് ഇത്തരം വീരേതിഹാസങ്ങള്‍. എസ്.എഫ്.ഐ നേതാവ് കെ.വി സുധീഷിനെ മാതാപിതാക്കളുടെ മുന്‍പിലിട്ടു വെട്ടിക്കൊലപ്പെടുത്തിയതും ജില്ലാ സെക്രട്ടറി പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കഥയും സി.പി.എം പറയുമ്പോള്‍ ക്ലാസ് മുറിയിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററും വീട്ടില്‍വച്ച് കൊലപ്പെടുത്തിയ അശ്വനികുമാറുമാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വീരേതിഹാസ ബലിദാനികള്‍. ഏതു കേസില്‍ പ്രതിയായിട്ടാണ് ഇവര്‍ രാഷ്ട്രീയവൈര്യത്തിന് ഇരയായതെന്ന് നേതാക്കള്‍ ചോദിക്കുമ്പോള്‍ ജ്വലിക്കുന്നതു അണികളുടെ പ്രതികാരാഗ്നിയാണ്. ഈ കഥകളുടെ ആവേശത്തില്‍ അവര്‍ വീണ്ടും പ്രസ്ഥാനത്തിനുവേണ്ടി കൊലക്കത്തിയെടുക്കുന്നു.)
? പഴയ എതിര്‍ 'കൊലവെറി' സംഘങ്ങളെ കാണാറുണ്ടോ
ഞങ്ങള്‍ തമ്മില്‍ അന്നും ഇന്നുമൊന്നും ഒരു ശത്രുതയുമില്ല. നിരന്തര രാഷ്ട്രീയ അക്രമങ്ങളും കൊലകളും ഉണ്ടാകുമ്പോള്‍ പലപ്പോഴും ബംഗളൂരുവിലും മറ്റും ഒരുമിച്ച് ഒളിവില്‍ താമസിച്ചിട്ടുണ്ട്. അപ്പോള്‍ രാഷ്ട്രീയമൊന്നും നോക്കാറില്ല. പാര്‍ട്ടി പറയുന്നതുവരെ പൊലിസിനു പിടികൊടുക്കാതിരിക്കുക എന്നതാണ് മുഖ്യം. തങ്ങള്‍ പരസ്പരം ശത്രുക്കളല്ല. തങ്ങള്‍ കാരണം ഇവരുടെ കുടുംബത്തിലെ ആരും കൊലക്കത്തിക്കിരയായിട്ടില്ല. പിന്നെയെന്തിനു വൈര്യം തോന്നണം. ഇരുപാര്‍ട്ടികളുടെയും 'കൊലയാളി സംഘങ്ങള്‍' എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നവര്‍ ഒന്നിച്ചു വിനോദയാത്രയ്ക്കു പോയ സംഭവം വരെയുണ്ടായിട്ടുണ്ട്.
? ഇപ്പോഴും പരസ്പരം ബന്ധപ്പെടാറുണ്ടോ
എല്ലാവരുമായിട്ടില്ല, എന്നാല്‍ പലരുമായും സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാറുണ്ട്. പലരും പല മേഖലകളിലേക്കു മാറിയെങ്കിലും ഈ കണ്ണി മുറിയാതെ നില്‍ക്കുന്നത് തങ്ങള്‍ക്കും ആവശ്യമാണ്. ഒരുപാടു രാഷ്ട്രീയ നേതാക്കളെ കണ്ടതല്ലേ. നേതാക്കളൊക്കെ വീണ്ടും വളര്‍ന്നു. അവര്‍ക്കു പുതിയ വിശ്വസ്തരേയും കിട്ടി. പരസ്പരമുള്ള വിശ്വാസം എല്ലാവര്‍ക്കും നല്ലതാണ്.
? എല്ലാവരും ഇവിടെയൊക്കെയുണ്ടോ
അന്നത്തെ കൊലക്കേസുകളില്‍ പ്രതിപ്പട്ടികയിലുള്ള പലരും ഇപ്പോഴും കുഴപ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ നാട്ടില്‍ നിന്നും മാറിനില്‍ക്കാറാണു പതിവ്. ഇപ്പോള്‍ രാഷ്ട്രീയം മനസില്‍പോലുമില്ലെങ്കിലും ആരുടെയെങ്കിലും മനസില്‍ വൈര്യത്തിന്റെ നെരിപ്പോട് അണയാതിരുന്നാലോ എന്ന ആശങ്കയുണ്ട്. കഴിഞ്ഞദിവസം അവന്‍ (പേര് പറയുന്നു) വിളിച്ചിരുന്നു. ബംഗളൂരുവിലാണുള്ളതെന്ന് പറഞ്ഞു. ഇവിടത്തെ അന്തരീക്ഷമൊക്കെ തണുത്തിട്ടേ തിരിച്ചുവരുന്നുള്ളൂവെന്നു പറഞ്ഞു. അവന്‍ നാട്ടില്‍ നിന്നും മാറിനിന്നാല്‍ വലിയ നഷ്ടം വരും. ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്താണ്. പിന്നെ ചില ക്വാറികളുടെ നടത്തിപ്പുമുണ്ട്. റിയല്‍ എസ്റ്റേറ്റ് നടത്തിപ്പ് തിരഞ്ഞെടുക്കാന്‍ കാരണം ഒരുതരത്തില്‍ ഞങ്ങള്‍ തന്നെയാണ്. നിരന്തരമായ രാഷ്ട്രീയകൊലയുടെ കാരണത്താല്‍ അവിടങ്ങളിലെ സ്ഥലക്കച്ചവടമൊക്കെ നിലച്ചിരുന്നു. ഇപ്പോള്‍ അവന്‍തന്നെ പരമാവധി വസ്തുക്കള്‍ വില്‍പ്പന നടത്താന്‍ സഹായിക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ പ്രായശ്ചിത്തം.
? ഇപ്പോഴുള്ള പ്രതികളെല്ലാം യുവാക്കളാണ്
ഇവരൊന്നുമായിരിക്കില്ല യഥാര്‍ഥ പ്രതികള്‍. ഇതുതന്നെയാണ് കൊലകള്‍ ആവര്‍ത്തിക്കാന്‍ കാരണം. ഒരു കൊല നടന്നാല്‍ അറസ്റ്റു ചെയ്യുന്നവരില്‍ ഏറെ പേരും കൊല നടന്നദിവസം സ്വന്തം വീട്ടില്‍ കിടന്നുറങ്ങുന്നവരായിരിക്കും. ആ അമ്മക്കറിയാം തന്റെ മകനു ഈ കൊലയില്‍ പങ്കില്ലെന്ന്, അല്ലെങ്കില്‍ ഭാര്യയ്ക്കറിയാം അറസ്റ്റിലായ തന്റെ ഭാര്‍ത്താവ് നിരപരാധിയാണെന്ന്. പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പാര്‍ട്ടി ഓഫിസില്‍ നിന്നും നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് ആരെയും അറസ്റ്റു ചെയ്യരുത്. അതു കൂടുതല്‍ കുഴപ്പങ്ങള്‍ക്കേ ഇടയാക്കൂ.
പുതിയ കുട്ടികളോടു ഞങ്ങള്‍ക്കു പറയാനുള്ളത്. നിങ്ങള്‍ ഒരു കൊലക്കേസില്‍ പ്രതിയായാല്‍ പിന്നെ ജീവിതം അവസാനിച്ചു. തിരഞ്ഞെടുക്കാന്‍ മുന്‍പില്‍ പിന്നെ വേറെ വഴികളില്ല. തനിക്കുവേണ്ടി ഏതോ ഒരു ഉലയില്‍ ഒരു കത്തിയുടെ വായ്ത്തലപ്പ് രാകിമിനുക്കുന്നുവെന്ന തിരിച്ചറിവിലായിരിക്കണം പിന്നീടുള്ള ജീവിതം, ജീവിതം ഒന്നേയുള്ളൂ, അതുകൊണ്ട് ണ്ടനിര്‍ത്തൂ, ഈ കൊല, ഞങ്ങള്‍ക്കും വേണം സമാധാനം'. വീണ്ടും കാണാമെന്നും നാളെ ഹര്‍ത്താലുണ്ടോയെന്നും ഒരിക്കല്‍ കൂടി ചോദിച്ചിട്ട് അയാള്‍ ആള്‍ക്കൂട്ടത്തില്‍ നടന്നുമറഞ്ഞു. ഒരു ഭാഗ്യാന്വേഷിയേയും തേടി.
കണ്ണൂരില്‍ സംഭവിക്കുന്നത്
അവര്‍ ഏഴെട്ടു പേരുണ്ടായിരുന്നു, മുറ്റത്തേക്കു വലിച്ചിറക്കി അവര്‍ അവനെ തുരുതുരാ വെട്ടി. അരുതെന്നു പറഞ്ഞിട്ടും തടയാന്‍ ശ്രമിച്ചിട്ടും എന്നെ തള്ളിവീഴ്ത്തി അവനെ വെട്ടിവീഴ്ത്തി, 18 വെട്ടുകള്‍, ഒന്നു പിടയ്ക്കാന്‍ പോലും അവനായില്ല...'
-കണ്ണൂരില്‍ മകനെ നഷ്ടപ്പെട്ട അമ്മ
എന്റെ മകനെ പാതിരാത്രിയിലാണ് പൊലിസ് പിടിച്ചുകൊണ്ടുപോയത്. എനിക്കുറപ്പുണ്ട്. അവന്‍ ആരെയും കൊന്നിട്ടില്ലെന്ന്. കൊല നടന്നുവെന്ന വിവരം അറിയുമ്പോള്‍ ഞാനും അവനും ആശുപത്രിയില്‍ പോയി തിരിച്ചു വീട്ടിലെത്തിയതേയുണ്ടായിരുന്നുള്ളൂ...'
-അറസ്റ്റിലായ മകനെക്കുറിച്ച് അമ്മ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."