ജില്ലയില്‍ കെ.എസ്.എഫ്.ഡി.സി തിയറ്റര്‍ കോംപ്ലക്സുകള്‍ സ്ഥാപിക്കും
തളിപ്പറമ്പ്: ജില്ലയില്‍ പരിയാരം ഉള്‍പ്പെടെ നാലിടങ്ങളില്‍ കെ.എസ്.എഫ്.ഡി.സിയുടെ ഉടമസ്ഥതയില്‍ തിയറ്റര്‍ കോംപ്ലക്സുകള്‍ സ്ഥാപിക്കും. ഇന്നലെ കെ.എസ്.എഫ്.ഡി.സി ചെയര്മാന് ലെനില്‍ രാജേന്ദ്രന്, മാനേജിങ് ഡയരക്ടര്‍ ദീപ ഡി നായര്‍ എന്നിവരുള്‍പ്പെട്ട സംഘം ഇതിനായി പരിയാരം മെഡിക്കല്‍ കോളജ് ബസ് സ്റ്റോപ്പിനു സമീപം സ്ഥലപരിശോധന പൂര്‍ത്തിയാക്കി. ബസ് സ്റ്റോപ്പിനു സമീപത്തുനിന്നു ശ്രീസ്ഥയിലേക്കു പോകുന്ന റോഡരികിലെ റവന്യു പുറമ്പോക്ക് ഭൂമിയിലാണു 71 സെന്റ് സ്ഥലം തിയറ്റര്‍ കോംപ്ലക്സിനു വേണ്ടി ടി.വി രാജേഷ് എം.എല്‍.എ മുന്‍കൈയെടുത്തു കണ്ടെത്തിയത്. ഇപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു വേണ്ടി പരിയാരം പൊലിസ് മുന്‍കൈയെടുത്തു വൃത്തിയാക്കിയെടുത്ത സ്ഥലമാണിത്. സ്ഥലത്തിന്റെ ലൊക്കേഷന്‍ മാപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വില്ലേജ് അധികൃതര്‍ കെ.എസ്.എഫ്.ഡി.സിക്കു കൈമാറി.
ജില്ലയില്‍ ധര്‍മ്മശാല, പയ്യന്നൂര്‍, കണ്ണൂര്‍ എന്നിവയാണു തിയറ്ററുകള്‍ നിര്‍മിക്കുന്ന മറ്റിടങ്ങള്‍. പ്രിവ്യു, ചര്‍ച്ചകള്‍ എന്നീ ആവശ്യങ്ങള്‍ക്കായി ഹോം തിയറ്ററുകളും ഓരോ തിയറ്റര്‍ കോംപ്ലക്സിലും സ്ഥാപിക്കും. അത്യാധുനികമായ എല്ലാ സൗകര്യങ്ങളും തിയറ്ററുകളില്‍ ഉണ്ടാവും.
ടി.വി രാജേഷ് എം.എല്‍.എ, കെ.എസ്.എഫ്.ഡി.സി ഡയരക്ടര്‍ ഷെറി, എന്‍ജിനിയര്‍ എസ് അനില്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി.ആര് ലാലന്, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാവതി, വൈസ് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്, പഞ്ചായത്ത് സെക്രട്ടറി എ.വി പ്രകാശന്, പി.പി ദാമോദരന്‍ എന്നിവരും സ്ഥലപരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."