യുവതിയുടെ ദുരൂഹമരണം: മുങ്ങിയ ഭര്‍ത്താവിനെ നാടകീയമായി പിടികൂടി
കാസര്‍കോട്: കിന്നിംഗാര്‍ നെട്ടണിഗെ സ്വദേശിനിയായ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കമ്പാര്‍ ലക്ഷം വീട് കോളനിയിലെ സാദിഖിനെയാണ് കാസര്‍കോട് പൊലിസ് കസ്റ്റഡിയിലെടുത്തത്.
കിന്നിംഗാര്‍ നെട്ടണിഗെയിലെ പരേതനായ മുഹമ്മദലി സഫിയ ദമ്പതികളുടെ മകളായ ഫായിസ(21)യാണ് കഴിഞ്ഞ വൈകിട്ട് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ചത്. രണ്ട് കുട്ടികളുടെ മാതാവായ ഫായിസ ആറു മാസം ഗര്‍ഭിണി കൂടിയായിരുന്നു .
കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ യുവതിയുടെ മരണം സ്ഥിരീകരിച്ചതോടെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ മാതാവ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് രാത്രിയോടെ പൊലിസില്‍ പരാതി നല്‍കി. ഇതിനിടയില്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയ സ്വാദിഖിനെ ഇയാളുടെ സുഹൃത്തുക്കള്‍ തന്ത്രപൂര്‍വം വിളിച്ചു വരുത്തി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും മുങ്ങിയ സ്വാദിഖ് മൊഗ്രാല്‍ ഭാഗത്ത് ഒളിച്ചുകഴിയുകയായിരുന്നു. യുവാവിന്റെ വിശ്വസ്ഥനായ ഒരാളാണ് ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് വീടിനു സമീപത്തേക്ക് വിളിച്ചുവരുത്തിയത്.
ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി കാണിച്ച് നേരത്തെ തന്നെ ഫായിസ കാസര്‍കോട് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെയും, വീട്ടുകാരുടെയും പീഡനം കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് നിഗമനം. ഇതിനിടയില്‍ യുവതിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി.
അതേസമയം തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഫായിസയെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ അപായപ്പെടുത്തിയതാണെന്ന സംശയമാണ് യുവതിയുടെ വീട്ടുകാര്‍ ഉന്നയിക്കുന്നത്.
ഇതുസംബന്ധിച്ച് ഫായിസയുടെ ബന്ധുക്കള്‍ കാസര്‍കോട് പരാതി പരാതി നല്‍കിയിട്ടുണ്ട്. സ്വാദിഖിനെ പൊലിസ് വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
സ്ത്രീധനത്തിന്റെ പേരില്‍ പലതവണ ഭര്‍ത്താവും വീട്ടുകാരുമായി നിരന്തരം പ്രശനങ്ങള്‍ ഉണ്ടായിരുന്നതായി ഫായിസയുടെ ബന്ധുക്കള്‍ പറയുന്നു.
തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിച്ച് വീണ്ടും ഫായിസയെ വീട്ടിലേക്ക് ഭര്‍ത്താവ് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതിന് ശേഷമാണ് യുവതിയെ കഴിഞ്ഞ ദിവസം വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലിസ് സ്റ്റേഷനിലെത്തിയ മാതാവ് ബോധരഹിതയായി
കാസര്‍കോട്: കഴിഞ്ഞ ദിവസം ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച ഫായിസയുടെ മാതാവ് പൊലിസ് സ്റ്റേഷനില്‍ ബോധരഹിതയായി വീണു.
ഭര്‍തൃ വീട്ടിലെ പീഡനം കാരണം മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ചു പരാതി നല്‍കാനാണ് ഫായിസയുടെ മാതാവ് സഫിയ മകളുടെ മരണത്തില്‍ മനം നൊന്ത് കഴിഞ്ഞ ദിവസം രാത്രി പൊലിസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണത്.
തുടര്‍ന്ന് ഇവരെ കാസര്‍ക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പൊലിസ് പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ച് വരുന്നതായി പൊലിസ് പറഞ്ഞു.
അതേ സമയം ഭര്‍തൃ വീട്ടില്‍ ഫായിസക്ക് കടുത്ത പീഡനമാണ് ലഭിച്ചിരുന്നതെന്നു കാണിച്ച് സഹോദരി ശരീഫ പൊലിസില്‍ പരാതി നല്‍കി. മാതാവ് ആശുപത്രിയില്‍ ആയതിനെ തുടര്‍ന്നാണ് സഹോദരി പരാതി നല്‍കിയത്. ഫായിസ മരിച്ച വിവരം അറിയുന്നതിന് അല്പം മുമ്പ് സഹോദരി തനിക്ക് വിളിച്ചതായും ഇനി എനിക്ക് ഇവിടെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ഫായിസ തന്നോട് പറഞ്ഞതായും ശരീഫ പരാതിയില്‍ പറഞ്ഞതായി സൂചനയുണ്ട്. ഫായിസയുടെ ദേഹത്ത് കരുവാളിച്ച പാടുകള്‍ കണ്ടതോടെ സഹോദരി ക്രൂരമായ മര്‍ദനത്തിന് ഇരയായതായി സംശയിക്കുന്നുവെന്നും സഹോദരി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഫായിസയുടെ ഭര്‍ത്താവ് സ്വാദിഖിനെ കൂടാതെ ഇയാളുടെ സഹോദരിയും, മാതാവും ഉള്‍പ്പെടെ ഫായിസയെ നിരന്തരം പീഡിപ്പിക്കാറുള്ളതായി പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."