നീലേശ്വരത്തെ നിര്‍ദിഷ്ട ദുരന്തനിവാരണ സേന ക്യാംപ്; അനുമതി വൈകുന്നു
നീലേശ്വരം: പാലാത്തടം കണ്ണൂര്‍ സര്‍വകലാശാല ക്യാപസിനു സമീപം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ദുരന്ത നിവാരണസേന ക്യാംപിനുള്ള (റാപ്പിഡ് റസ്‌പോണ്‍സ് റസ്‌ക്യൂ ഫോഴ്‌സ്) അനുമതി വൈകുന്നു. സംസ്ഥാന ദുരന്ത നിവാരണസേനയുടെ കീഴിലാണ് ഇത് സ്ഥാപിക്കുന്നത്. മലപ്പുറം പാണ്ടിക്കാട്ടാണ് ഇതിന്റെ ആസ്ഥാനം. ഇതു തുടങ്ങുന്നതുമായി ബന്ധപ്പെട്ടു ദുരന്ത നിവാരണ അതോരിറ്റിയുടെ തീരുമാനം വൈകുന്നതാണു ഇതിനു കാരണം.
നിലവില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ക്യാംപുകളുള്ളത്. എല്ലാ ജില്ലകളിലും ക്യാംപുകള്‍ ആരംഭിക്കണമെന്ന സംസ്ഥാന ദുരന്ത നിവാരണ സേനയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലയില്‍ നീലേശ്വരത്ത് സ്ഥാപിക്കാനുള്ള ധാരണയിലെത്തിയത്. മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ ശ്രമഫലമായി പാലത്തടത്ത് ഏഴേക്കറിലധികം സ്ഥലവും ഇതിനായി കണ്ടെത്തി. തുടര്‍ന്ന് ഇതിനായുള്ള നിര്‍ദേശവും സര്‍ക്കാര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചു. പക്ഷേ തുടര്‍നടപടികള്‍ എങ്ങുമെത്താതെ കിടക്കുകയാണ്. ഭൂമി പതിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
ദേശീയപാതയുടെ ആറു കിലോമീറ്റര്‍ ചുറ്റളവിലായിരിക്കണം ക്യാംപ് എന്ന് നിയമമുണ്ട്. കൂടാതെ കടല്‍മാര്‍ഗം വേഗത്തില്‍ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലമാണ് ഇതിനായി വേണ്ടത്. മടക്കര, അഴീത്തല തുറമുഖങ്ങള്‍ വളരെ അടുത്തായതുകൊണ്ടു തന്നെയാണ് നീലേശ്വരത്തിന് ഇക്കാര്യത്തില്‍ പരിഗണന ലഭിച്ചത്. കടല്‍മാര്‍ഗം വന്ന് ബോട്ടുവഴി കാര്യങ്കോട് പുഴയിലൂടെ നിര്‍ദിഷ്ട സ്ഥലത്ത് എത്തിച്ചേരാനുള്ള സൗകര്യവുമുണ്ട്. തുറമുഖങ്ങളില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ എളുപ്പത്തില്‍ എത്തിച്ചേരാനും നാവിക അക്കാദമിയുടെ സഹായം വേഗത്തില്‍ ലഭ്യമാക്കാനും കഴിയുമെന്ന നേട്ടംകൂടി നീലേശ്വരത്തിനുണ്ട്. അതോടൊപ്പം ക്യാംപിന് പ്രധാനമായും ആവശ്യമായ റെയില്‍വേ, ആശുപത്രി സൗകര്യങ്ങളും ഇവിടെ ലഭ്യവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."